കൊച്ചി: പാൻമസാല വില്പനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ ഗുണ്ടാപ്പിരിവ് നൽകാത്തതിന്റെ പേരിൽ കുത്തിപ്പരിക്കേൽപ്പിച്ചു. അസാം സ്വദേശി മിജാനൂർ ഹൊസൂറിനാണ് (19) പരിക്കേറ്റത്. പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ചക്കരപ്പറമ്പ് ഭാഗത്ത് കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം.
ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പാതയോരത്ത് പാൻമസാല വിൽക്കണമെങ്കിൽ പണംവേണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ഭയന്ന്ുയ മിജാനൂർ ആദ്യം 500 രൂപ നൽകിയെങ്കിലും കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ വഴങ്ങിയില്ല. തുടർന്നാണ് പ്രതികൾ കത്തിയെടുത്ത് വീശിയത്. ഒഴിഞ്ഞുമാറുന്നതിനിടെ വലതുതോളിൽ കുത്തേറ്റു. ഇതോടെ പ്രതികൾ ബൈക്കിൽ കടന്നു.സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച പാലാരിവട്ടം പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ മരട് സ്വദേശികളാണെന്നാണ് സൂചന. കവർച്ചയ്ക്കും പരിക്കേൽപ്പിച്ചതിനുമാണ് കേസ്.