കൊച്ചി: സൺറൈസ് ആശുപത്രികളുടെ ചെയർമാനും ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയാ വിദഗ്ദ്ധനുമായ ഡോ. ഹഫീസ് റഹ്മാൻ പടിയത്തിന് ഇന്ത്യൻ അസോസിയേഷൻ ഒഫ് ഗൈനക്കോളജിക്കൽ എൻഡോസ്‌കോപ്പിസ്‌റ്റ്‌സിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയ നടത്തിയതിനാണ് അംഗീകാരം.
ആഗ്രയിൽ നടന്ന അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ അവാർഡ് സമ്മാനിച്ചു. ഗൈനക്കോളജിയിൽ താക്കോൽദ്വാര ശസ്ത്രക്രിയയിൽ 35വർഷത്തെ സേവനസമ്പത്ത് ഡോ. ഹഫീസിനുണ്ട്. ആതുരസേവനത്തിനും അപൂർവ താക്കോൽദ്വാര ശസ്ത്രക്രിയകൾ നടത്തിയതിനും നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഡോക്ടർമാർക്ക് താക്കോൽദ്വാര ശസ്ത്രക്രിയാ പരിശീലനവും നൽകുന്നുണ്ട്. താക്കോൽദ്വാര ശാസ്ത്രക്രിയക്ക് പ്രചാരം നൽകുന്നതിലും പങ്ക് വഹിച്ചിട്ടുണ്ട്. വിദേശികളെയുൾപ്പെടെ അദ്ദേഹം ശസ്ത്രക്രിയ ചെയ്‌തിട്ടുണ്ട്.
സൺറൈസ് ഗ്രൂപ്പിന്റെ കാക്കനാട്, ചങ്ങരംകുളം, കോഴിക്കോട്, കാഞ്ഞങ്ങാട്, ഈരാറ്റുപേട്ട. കുളനട എന്നിവിടങ്ങളിലെ ആശുപത്രികളിൽ ഡോ. ഹഫീസ് റഹ്മാന്റെ സേവനം ലഭ്യമാണ്.