കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം കാഞ്ഞിരമറ്റം കുലയറ്റിക്കര അരഞ്ഞാൽ കുന്നേൽ പരേതനായ സോമന്റെ ഭാര്യ മഞ്ജു സോമന്റെ വീട്ടിലെ ഗർഭിണികളായ രണ്ട് ആടുകൾ ഉൾപ്പെടെ മൂന്ന് ആടുകളെ കടിച്ചു കൊന്നു.മറ്റ് രണ്ട് ആടുകൾ ഗുരുതരാവസ്ഥയിലാണ്. മൃഗഡോക്ടർ സ്ഥലത്തെത്തി ആക്രമിക്കപ്പെട്ട ആടുകൾക്ക് ചികിത്സ നൽകിയെങ്കിലും രക്ഷപ്പെടാനുള്ള സാദ്ധ്യത കുറവാണ്. കഴിഞ്ഞമാസം ഇതേ വീട്ടമ്മയുടെ 16 കോഴികളെയും തെരുവുനായകൾ കൊന്നിരുന്നു.
ഇന്നലെ വെളുപ്പിനെയായിരുന്നു തെരുവുനായകളുടെ ആക്രമണം. വീട്ടുകാർ ആടുകളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ പതിനഞ്ചിലേറെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആടുകളെ ആക്രമിക്കുന്നതാണ് കണ്ടത്. ഇവയെ ഓടിക്കുവാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നായ്ക്കൾ ജനത്തെ ആക്രമിക്കാനും നോക്കി.
പശുവിനെയും ആടിനെയും കോഴിയെയും വളർത്തി ഉപജീവനം നടത്തുകയാണ് മഞ്ജു സോമൻ. കഴിഞ്ഞമാസം 16ന് മഞ്ജു സോമന്റെ പതിനാറിലേറെ കോഴികളെയും തെരുവുനായ്ക്കൾ കടിച്ചു കൊന്നിരുന്നു. രണ്ടു പെൺമക്കളെ വിവാഹം ചെയ്തയച്ചതും കന്നുകാലികളെ വളർത്തി കിട്ടിയ വരുമാനത്തിൽ നിന്നാണ്. ആടുകളും കോഴികളും ചത്തതോടെ മഞ്ജു സോമന്റെ ഉപജീവനം നിലച്ച അവസ്ഥയാണ്.
ആമ്പല്ലൂർ, കാഞ്ഞിരമറ്റം പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. വൈകുന്നേരം ആയാൽ പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ മാസം കാൽനടയാത്രക്കാരെ നായ്ക്കൾ ആക്രമിച്ചത് കേരളകൗമുദി വാർത്തയാക്കിയിരുന്നു. തെരുവ് നായ ശല്യത്തെക്കുറിച്ച് പലവട്ടം പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നത്.
എബിസി പദ്ധതി നടപ്പിലായില്ല
വന്ധ്യംകരണം നടത്തിയില്ല