പെരുമ്പാവൂർ: കേരളത്തിലെ നാടൻ മത്സ്യങ്ങളുടെ മുട്ടയുത്പാദനം, പ്രജനനം, വിപണനം എന്നിവ ലക്ഷ്യമിട്ട് ഐ.സി.എ.ആർ - എൻ.ബി.എഫ്.ജി.ആർ രായമംഗലം പഞ്ചായത്തുമായി സഹകരിച്ചുള്ള സംയുക്ത പദ്ധതിയുടെ രണ്ടാം ഘട്ടം രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. നാടൻ മത്സ്യങ്ങളുടെ പ്രജനനത്തിനായി ചിറയിൽ കൂടുകൾ സ്ഥാപിക്കുന്നതിനുള്ള ബോട്ടിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
ഡോ. വി.എസ്. ബഷീർ അദ്ധ്യക്ഷനായി. നാടൻ മത്സ്യകൃഷിയുടെ പ്രോത്സാഹനത്തിന് ദീർഘകാലത്തേക്ക് ഭൂമി വിട്ടുനൽകിയ പഞ്ചായത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. മത്സ്യകൃഷി, വിപണനം, ഗവേഷണം എന്നിവയിൽ താത്പര്യമുള്ളവർക്ക് പ്രോത്സാഹനം നൽകാൻ ഐ.സി.എ.ആർ - എൻ.ബി.എഫ്.ജി.ആർ തയ്യാറാണെന്നും അടുത്ത ഘട്ടത്തിൽ ഒരു സ്ഥിരം പരിശീലന കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയിസ് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, മെമ്പർമാരായ മിനി നാരായണൻകുട്ടി, ബിജി പ്രകാശ്, ടിൻസി ബാബു, മിനി ജോയ്, മത്സ്യകൃഷി ഗ്രൂപ്പ് കൺവീനർ വി.കെ. മധു, ഐ.സി.എ.ആർ - എൻ.ബി.എഫ്.ജി.ആർ ശാസ്ത്രജ്ഞൻ ഡോ. ചരൺ രവി തുടങ്ങിയവർ സംസാരിച്ചു. ഡോ. കാജൽ ചക്രവർത്തി, ഡോ. അജിത്ത് കുമാർ തുടങ്ങിയവരാണ് പദ്ധതി നടപ്പാക്കാൻ നേതൃത്വം നൽകിയത്.