
ആലുവ: വിജ്ഞാപനത്തിന് മുമ്പേ ആലുവ നഗരസഭയിൽ മുന്നണികൾ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിൽ. മുമ്പ് ഇടത് - വലതു മുന്നണികളുടെ നേരിട്ടുള്ള മത്സരമായിരുന്നുവെങ്കിൽ ഇക്കുറി എൻ.ഡി.എ 26 വാർഡുകളിലും സ്ഥാനാർത്ഥികളെ രംഗത്തിറക്കുന്നതോടെ തീപാറുന്ന ത്രികോണപ്പോര് ഉറപ്പാണ്.
ഇക്കുറി ചെയർപേഴ്സൺ വനിതയാതിനാൽ ഇതുകൂടി പരിഗണിച്ചാണ് മുന്നണികൾ സ്ഥാനാർത്ഥികളെ നിർണയിക്കുന്നത്. മുന്നണികൾ ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തർക്കങ്ങളില്ലാത്ത വാർഡുകളിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ഗെയിൽസ് ദേവസി കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്നത് എൽ.ഡി.എഫിന് തിരിച്ചടിയാണ്. വാർഡ് 23 ആണ് അദ്ദേഹം ആവശ്യപ്പെടുന്നതെങ്കിലും 24ആണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.
ഭരണം നിലനിറുത്താൻ യു.ഡി.എഫ്
യു.ഡി.എഫിൽ കോൺഗ്രസ് മാത്രം മത്സരിക്കുന്ന അപൂർവം നഗരസഭയാണ് ആലുവ. വാർഡ് കമ്മിറ്റികൾ ഏകകണ്ഠമായി നിർദ്ദേശിച്ചവർ പ്രചാരണം ആരംഭിച്ചു. കെ.എം. റഫീക്ക് (വാർഡ് 3), എം.ഒ. ജെറോൾഡ് (7), കെ. ജയകുമാർ (10), ശോഭ ഓസ്വിൻ (12), ലളിത ഗണേശൻ (13), ജെയ്സൺ പീറ്റർ (15), സൈജി ജോളി (18), പി.പി. ജെയിംസ് (21), ജോയി അംബ്രോസ് (25), പി.എം. മൂസാക്കുട്ടി (26) എന്നിവരാണ് സ്ഥാനാർത്ഥിത്വത്തിന്റെ ആദ്യകടമ്പ കടന്നവർ. ചിലർ മറ്റ് വാർഡുകൾക്കായി ചരടുവലിക്കുന്നുണ്ടെങ്കിലും ശക്തമായ പ്രാദേശിക എതിർപ്പുകളുണ്ട്.
തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ്
2010ൽ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനാണ് എൽ.ഡി.എഫ് ശ്രമം. ആറ് സീറ്റിൽ സി.പി.ഐയും ഒരു സീറ്റിൽ മാണി ഗ്രൂപ്പും മത്സരിക്കും. അവശേഷിക്കുന്നവ സി.പി.എമ്മിനാണ്. കഴിഞ്ഞതവണ എൻ.സി.പി മത്സരിച്ച സീറ്റും സി.പി.എം ഏറ്റെടുത്തു. സി.പി.എമ്മിലെ ഫെബിൻ പള്ളത്ത് (വാർഡ് 5), മിനി ബൈജു (12), ശ്യാം പത്മനാഭൻ (24), പി.ആർ. രാജേഷ് (25) എന്നിവർ സ്ഥാനാർത്ഥികളാകും. സി.പി.ഐയുടെ പത്താം വാർഡിൽ പൊതുസ്വതന്ത്രനെ നിറുത്തും.
അധികാരം പിടിക്കുമെന്ന് എൻ.ഡി.എ
അധികാരം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൻ.ഡി.എ മത്സരിക്കുന്നത്. നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി മുഴുവൻ സീറ്റിലും മത്സരിക്കും. രണ്ട് സീറ്റിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 16 സീറ്റിൽ മത്സരിച്ച ബി.ജെ.പി നാല് സീറ്റ് നേടിയിരുന്നു. സിറ്റിംഗ് കൗൺസിലർമാരിൽ ഇന്ദിരാദേവി ഒഴികെ മൂന്ന് പേരും മത്സരിക്കും. ആർ. പത്മകുമാർ, എ.സി. സന്തോഷ് കുമാർ, ഉണ്ണിമായ അനിൽ, ധനലക്ഷ്മി ആനന്ദ്, കുട്ടപ്പൻ എന്നിവരുടെ പേരുകളാണ് ധാരണയിലായിട്ടുള്ളത്.