കൂത്താട്ടുകുളം: പാലക്കുഴ മേഖലയിൽ വീണ്ടും മോഷ്ടാക്കളുടെ ഭീഷണി വ്യാപകമാകുന്നു. വടക്കൻ പാലക്കുഴയിലെ ഒരു വീട്ടിൽ ബുധനാഴ്ച രാത്രിയിൽ മോഷണശ്രമം നടന്നു. രാത്രി 11ഓടെ വീടിന്റെ പിന്നിലെ ഗ്രിൽ ഇളക്കി അകത്ത് കടന്ന മോഷ്ടാവ് വീട്ടുകാർ ഉണർന്നതോടെ ഓടിരക്ഷപ്പെട്ടു. കറുത്ത വസ്ത്രം ധരിച്ച തടിയുള്ള ഒരാളാണ് മോഷ്ടാവെന്ന് വീട്ടുകാർ മൊഴി നൽകി. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.
കഴിഞ്ഞ രണ്ട് മാസമായി പാലക്കുഴ മാറിക, പാലക്കുഴ ടൗൺ, വടക്കൻ പാലക്കുഴ എന്നിവിടങ്ങളിൽ വ്യാപകമായി മോഷണശ്രമങ്ങൾ നടക്കുകയാണ്. ഇത് പ്രദേശവാസികളിൽ ഭീതിയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലക്കുഴിയിൽ നാല് വീടുകളിലാണ് മോഷണശ്രമം നടന്നത്. പാലക്കുഴ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള സെന്റ് ഗ്രിഗോറിയോസ് യാക്കോബായ ചാപ്പലിലും മോഷണം നടന്നിരുന്നു. സമീപത്തെ ക്ഷേത്രങ്ങളിൽ ഒന്നിലധികം തവണ കവർച്ച നടക്കുകയും പലയിടത്തും വാഹനങ്ങളിലെത്തി മാല പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
മേഖലയിൽ തുടർച്ചയായി മോഷണം നടന്നിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ട്. റസിഡന്റ്സ് അസോസിയേഷനുകളുമായി സഹകരിച്ച് പട്രോളിംഗ് ശക്തമാക്കുമെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കൂത്താട്ടുകുളം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
റസിഡന്റ്സ് അസോസിയേഷനുകളും ഓട്ടോ ടാക്സി ഡ്രൈവർമാരും ക്ലബുകളും ചേർന്ന് ജാഗ്രതാ സമിതികൾ രൂപീകരിക്കണം. പൊലീസ് പട്രോളിംഗ് കൂടുതൽ ശക്തമാക്കണം
ഷാജു വർഗീസ്
മണ്ഡലം പ്രസിഡന്റ്
കോൺഗ്രസ്
ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഒരു ജാഗ്രതാ സമിതി പ്രവർത്തിക്കുന്നുണ്ട്. ജനങ്ങളുടെ ഭീതി അകറ്റാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തും
ബിജു മുണ്ടപ്ലാക്കിൽ
വൈസ് പ്രസിഡന്റ്
പാലക്കുഴ പഞ്ചായത്ത്