കൊച്ചി: സംസ്ഥാനത്തെ അവയവദാനം സുഗമമായി നടക്കുന്നതിന് പൊതുആരോഗ്യമേഖല ശക്തിപ്പെടേണ്ടതുണ്ടെന്ന് കെസോട്ടോ ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ മസ്തിഷ്‌കമരണം നിർണയിക്കുന്നതുമായും അവയവദാനവുമായും ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതിനായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവയവദാനത്തിന്റെ നിലവിലെ വെല്ലുവിളികളെക്കുറിച്ച് മെഡിക്കൽ സൂപ്രണ്ട് ഡോ.ആർ. ഷഹിർഷാ സംസാരിച്ചു.
ന്യൂറോ സർജൻ ഡോ. അനൂപ് മുഹമ്മദ് ക്ലാസെടുത്തു. അവയവദാനത്തിനുള്ള സമ്മതപത്രങ്ങളും രേഖാനടപടിക്രമങ്ങൾ, മസ്തിഷ്‌കമരണം മുതൽ അവയവം ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും, ഐ.സി.യു, ട്രാൻസ്‌പ്ളാന്റ് ടീമുകൾ, കുടുംബങ്ങൾ എന്നിവ തമ്മിലുള്ള ഏകോപനം തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.