വൈപ്പിൻ: വൈദ്യുതി സുരക്ഷയുടെ പ്രാധാന്യത്തെയും ആവശ്യകതയെയുംകുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ വൈപ്പിൻ മണ്ഡലത്തിൽ രൂപീകരിച്ച സുരക്ഷാകമ്മിറ്റിയുടെ അദ്ധ്യക്ഷനായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയെ തിരഞ്ഞെടുത്തു. എക്സി. എൻജിനിയർ പി.കെ. മിനിയാണ് കൺവീനർ. മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, കൊച്ചി തഹസിൽദാർ, ഫോറസ്റ്റ് ഓഫീസർ, ഫയർസ്റ്റേഷൻ ഓഫീസർ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.

മണ്ഡലത്തിൽ ഒരാഴ്ച നീളുന്ന ബോധവത്കരണം സംഘടിപ്പിക്കും. വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യുതി ബോർഡാണ് സുരക്ഷാകമ്മിറ്റി രൂപീകരിച്ചത്. ഞാറക്കൽ ഗസ്റ്റ് ഹൗസിൽ ചേർന്ന രൂപീകരണ യോഗത്തിൽ എം.എൽ.എ അദ്ധ്യക്ഷനായി. മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എക്സ്. അക്ബർ, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, തഹസിൽദാർ സനോജ്കുമാർ, പി.കെ. മിനി എന്നിവർ പങ്കെടുത്തു.