വൈപ്പിൻ: മുനമ്പം മാതൃകാ ഫിഷിംഗ് ഹാർബറിനോട് മത്സ്യബന്ധന വകുപ്പ് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഹാർബർ സംരക്ഷണ സമിതി പ്രതിഷേധ സദസ് നടത്തി. ഹാർബർ എൻജിനിയറിംഗ് ഓഫീസിന് മുന്നിൽ ഫാ. ജോൺസൺ റോച്ച ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ബി. രാജീവ് അദ്ധ്യക്ഷനായി. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന വാർഫും ഡ്രെയിനേജ് സംവിധാനവും നവീകരിക്കുക, പഴക്കം ചെന്ന വയറിംഗും വൈദ്യുതി ഉപകരണങ്ങളും മാറ്റി സ്ഥാപിക്കുക, പാർക്കിംഗ് സൗകര്യം വിപുലീകരിക്കുക, പുതിയ ലേലഹാൾ നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എ.കെ. ഗിരീഷ്, സി.എസ്. ശൂലപാണി, കെ.കെ. പുഷ്‌കരൻ, വി.വി. അനിൽ, സി.എ. രാജേഷ്, നൗഷാദ് കറുകപ്പാടത്ത്, ഇ.ടി. ജോയ്, എ.എസ്. സതീശൻ തുടങ്ങിയവർ സംസാരിച്ചു.