beu-melkoora
വെങ്ങോല വാരിക്കാട് കനാൽ കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽ ക്കൂര തകർന്ന നിലയിൽ

പെരുമ്പാവൂർ: മണ്ണൂർ പോഞ്ഞാശേരി റോഡിൽ വാരിക്കാട് കനാൽ കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര തകർന്നിട്ട് ഒരാഴ്ചയിലധികമായിട്ടും പുനർനിർമ്മിക്കാതെ അധികൃതർ. വെങ്ങോല - വാരിക്കാട് റോഡിൽ അറക്കപ്പൊടി കയറ്റിവന്ന ചരക്ക് വാഹനം തട്ടിയാണ് ഷീറ്റും ആംഗ്ലയറും ഉപയോഗിച്ച് നിർമ്മിച്ച മേൽക്കൂര തകർന്നത്. തകർന്ന ഭാഗം റോഡിൽ വീണ് ഗതാഗത തടസമുണ്ടായപ്പോൾ നാട്ടുകാർ ചേർന്ന് റോഡിന്റെ വശത്തേക്ക് മാറ്റിയിടുകയായിരുന്നു. എന്നാൽ, ഇത് നീക്കം ചെയ്യാനോ, ബസ് കാത്തിരിപ്പ് കേന്ദ്രം പുതുക്കിപ്പണിയാനോ ഇതുവരെ നടപടിയുണ്ടായിട്ടില്ല.

മണ്ണൂരിൽ നിന്ന് ആലുവയിലേക്കുള്ള എളുപ്പവഴിയായതിനാൽ ഈ റോഡിൽ എപ്പോഴും തിരക്കാണ്. നിരവധി വ്യവസായ സ്ഥാപനങ്ങളും വിദ്യാലയങ്ങളും സ്ഥിതി ചെയ്യുന്ന ഈ മേഖലയെ കിഫ്ബി ഫണ്ടിൽ ഏകദേശം 30 കോടി രൂപ മുടക്കി നിർമ്മിച്ച 12 കിലോമീറ്റർ റോഡ് പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതിനുശേഷം ഒന്നര വർഷം മുൻപാണ് റോഡ് പുനർനിർമ്മിച്ചത്. നിലവിൽ വെങ്ങോല മുതൽ വാരിക്കാട് വരെയുള്ള രണ്ട് കിലോമീറ്റർ ഭാഗത്തെ യാത്രാദുരിതം തുടരുകയാണ്. ഇത്തരം സാഹചര്യത്തിലാണ് അപകടസാദ്ധ്യതയുള്ള ഈ പ്രദേശത്ത് തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഭീഷണിയായി നിൽക്കുന്നത്.

അപകടം നടന്ന് ഒരാഴ്ചയായിട്ടും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര മാറ്റാനോ പുതുക്കിപ്പണിയാനോ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. ഇത് ഈ പ്രദേശത്തെ ജനങ്ങളോടുള്ള അവഗണനയുടെ ഭാഗമാണ്
അജിത് വെങ്ങോല
എഴുത്തുകാരൻ