പറവൂർ: അനധികൃത പണമിടപാടുകാരുടെ വീടുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. പറവൂർ മുനിസിപ്പൽ കവല പാർക്ക് വ്യൂ റോഡിൽ ആലപ്പാട്ട് സണ്ണി, വെടിമറ തോപ്പിൽപ്പറമ്പ് സബീർ എന്നിവരുടെ വീട്ടിൽ ഓപ്പറേഷൻ ഷൈലോക്കിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ആർ.സി ബുക്കുകൾ, ബാങ്ക്ചെക്കുകൾ, പാസ്ബുക്ക്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. മണി ലെൻഡിംഗ് ആക്ട് പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തു. ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്ക് പറവൂർ പൊലീസ് ഇൻസ്പെക്ടർ ഷോജോ വർഗീസ് നേതൃത്വം നൽകി.