cusat

കൊച്ചി: ക്വാണ്ടം സയൻസിന്റെ പ്രാധാന്യം സാധാരണ ജനങ്ങളിലേക്ക് എത്തിക്കാൻ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയും (കുസാറ്റ്), ശാസ്ത്രസാഹിത്യ പരിഷത്തും മുന്നോട്ടുവന്നതിൽ സന്തോഷമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു. കുസാറ്റിലെ ശാസ്ത്ര സമൂഹ കേന്ദ്രത്തിൽ ആരംഭിച്ച ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ചടങ്ങിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി അദ്ധ്യക്ഷനായി. സിൻഡിക്കേറ്റ് അംഗം ഡോ. പി.കെ. ബേബി, രജിസ്ട്രാർ പ്രൊഫ. ഡോ. എ.യു. അരുൺ, ശാസ്ത്രസമൂഹം ഡയറക്ടർ ഡോ. പി. ഷൈജു, ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. മീരാഭായ് എന്നിവർ സംസാരിച്ചു.

പരീക്ഷണങ്ങൾ, ഇൻസ്റ്റലേഷനുകൾ, മാതൃകകൾ, മത്സരങ്ങൾ എന്നിവ പ്രദർശനത്തിന്റെ ഭാഗമാണ്. ഹോളോഗ്രാം, സിമുലേഷനുകൾ, വെർച്വൽ റിയാലിറ്റി, ലേസർ, സ്‌ഫെറിക്കൽ പ്രൊജക്ഷൻ എന്നീ സാങ്കേതിക വിദ്യകൾ ഇതിനായി ഉപയോഗിക്കും. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ശാസ്ത്ര സമൂഹ കേന്ദ്രത്തിൽ ഇന്നലെ ആരംഭിച്ച പത്തു ദിവസം നീണ്ടുനിൽക്കുന്ന എക്‌സിബിഷൻ പിന്നീട് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രദർശനം നടത്തും.