പറവൂർ: സ്വകാര്യ ബസിൽ നിന്ന് ചോർന്ന ഓയിൽ റോഡിൽ വീണതിനെ തുടർന്ന് ഇരുചക്രവാഹനങ്ങൾ തെന്നി മറിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. പറവൂർ നഗരത്തിലെ മെയിൻ റോഡിൽ നമ്പൂരിയച്ചൻ ആലിന് സമീപത്തെ സ്റ്റോപ്പിൽ നിന്ന് മുന്നോട്ടെടുത്ത ബസിന്റെ ഓയിലാണ് ചോർന്നത്. അമ്മൻകോവിൽ ക്ഷേത്രത്തിന് മുൻവശത്തെ റോഡ് വരെ ഓയിൽ പരന്നു. ആറ് ഇരുചക്രവാഹനങ്ങളാണ് തെന്നിമറിഞ്ഞത്. ആർക്കും കാര്യമായ പരിക്കില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന സോപ്പുപൊടി ഉപയോഗിച്ച് വെള്ളം ശക്തിയായി അടിച്ച് റോഡ് കഴുകിയ ശേഷം മണ്ണ് വിതറി. അര മണിക്കൂറോളം നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടായി.