കൊച്ചി: സംരംഭക സമ്മേളനമായ ടൈകോൺ കേരള 21, 22 തീയതികളിൽ കുമരകം ദി സൂരിയിൽ നടക്കും. വ്യവസായികൾ, മാനേജ്മന്റ് വിദഗ്ദ്ധർ, നിക്ഷേപകർ, മെന്റർമാർ, ഇന്നൊവേറ്റർമാർ, സർക്കാർ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. 21ന് ഉച്ചയ്ക്ക് രണ്ടിന് കാവിൻ കെയറിന്റെ സ്ഥാപകനും ചെയർമാനുമായ സി.കെ. രംഗനാഥൻ മുഖ്യപ്രഭാഷണം നടത്തും.
അടുത്ത തലമുറയിലെ സംരംഭകരെ വളർത്തിയെടുക്കുകയാണ് ടൈകോൺ കേരള 2025ന്റെ ലക്ഷ്യമെന്ന് ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു. സംസ്ഥാനത്തെ സംരംഭകത്വ മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ഏഴ് വിഭാഗങ്ങളിൽ അവാർഡുകൾ സമ്മാനിക്കും.
വാർത്താസമ്മേളനത്തിൽ ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, മുൻ പ്രസിഡന്റ് ജേക്കബ് ജോയ്, ടൈ യൂണിവേഴ്‌സിറ്റി ചെയർ പേഴ്‌സണും ടൈ യംഗ് ഓൺട്രപ്രണേഴ്‌സ് ഗ്ലോബൽ ബോർഡ് മെമ്പറുമായ വിനോദിനി സുകുമാർ, എക്‌സിക്യുട്ടീവ് ഡയറക്ടർ ദിവ്യ തലക്കലാട്ട് എന്നിവർ പങ്കെടുത്തു.