accident

കോതമംഗലം: നേര്യമംഗലത്തിന് സമീപം ആവോലിച്ചാലിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് യുവാക്കളിൽ ഒരാൾ മരിച്ചു. ചെമ്പൻകുഴി കീഴേത്ത് ഷാജിയുടെ മകൻ അജയാണ് (29) മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ചെമ്പൻകുഴി ചെങ്കരയിൽ സന്തോഷിന്റെ മകൻ സാനി ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.

ടൈൽ തൊഴിലാളിയായിരുന്നു അജയ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മാതാവ് രാധ പെരുമ്പാവൂർ ഐരാപുരം താമരശേരി കുടുംബാംഗമാണ്. സഹോദരങ്ങൾ: അഞ്ജു, അശ്വതി.