elect

കൊച്ചി: ഇന്നലെ ഇടതുപക്ഷം ബുക്ക് ചെയ്ത ചുവർ, ഇന്ന് യു.ഡി.എഫിന്റെ ചുവർ ആയാലോ....! തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് മുന്നണികളെല്ലാം തുടക്കം കുറിച്ചതോടെ എഴുത്തുകൾക്കുള്ള ചുവർ ബുക്കിംഗ് മത്സരങ്ങളുമെല്ലാം കോമഡി സിനിമപോലെ ചിരി പടർത്തും. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നാളുകൾക്ക് മുന്നേ തന്നെ ചുവരുകൾ തങ്ങളുടേതെന്ന് ബുക്ക് ചെയ്തിടുന്നതാണ് മുന്നണികളുടെ രീതി.

സി.പി.എമ്മും കോൺഗ്രസും മറ്റ് മുന്നണികളുമെല്ലാം ചെയ്തുപോരുന്നതുമാണ്. കഴിഞ്ഞ ദിവസം കാക്കനാടിന് സമീപം ഒരു സംഭവമുണ്ടായി. ആഴ്ചകൾക്ക് മുന്നേ യു.ഡി.എഫ് ബുക്ക് ചെയ്തിട്ട ചുവ‍ർ. നേരം ഇരുട്ടി വെളുത്തപ്പോൾ യു.ഡി.എഫ് ബുക്ക്ഡ് എന്നെഴുതിയതൊന്നും ഇല്ല. വെള്ളപൂശി പുതുപുത്തൻ ചുവരായി. അവിടെ എൽ.ഡി.എഫ് ബുക്ക്ഡ് എന്നും എഴുതി.

അവിടെ കൊണ്ടും തീർന്നില്ല. തങ്ങളുടെ ചുവർ മറ്റൊരാൾ സ്വന്തമാക്കിയത് കണ്ടവർ കിട്ടിയ പണി അതേപടി തിരിച്ചുകൊടുത്തു. പിറ്റേന്ന് തന്നെ ചുവർ വീണ്ടും യു.ഡി.എഫിന്റേതായി. സമാനസംഭവം കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലുമുണ്ടായി.

പലയിടത്തും വലിപ്പത്തിൽ കൈപ്പത്തിയും അരിവാൾ ചുറ്റിക നക്ഷത്രവും അരിവാൾ നെൽക്കതിരും താമരയും കോണിയുമെല്ലാം വരച്ച് ഒരുപടി കൂടി കടക്കും. ഒരു കാരണവശാലും ചുവർ മറ്റാരും അടിച്ചെടുത്ത് പോകാതിരിക്കാനാണിത്. ചിഹ്നങ്ങൾക്ക് തൊട്ടപ്പുറത്ത് എതിർപാർട്ടിക്കാർ അവരുടെ ചിഹ്നവും വരച്ചു വയ്ക്കും. ഒന്നുകിൽ പ്രശ്‌നം അവിടെ തീരും, അല്ലെങ്കിൽ കലഹത്തിന് വഴിമരുന്നാകും.

ഫ്ലക്സ് നിരോധിക്കപ്പെട്ടു,​

ചുവരിനോട് ഇഷ്ടംകൂടി

ഫ്ലക്സുകൾ അടിക്കുന്നത് കോടതി നിരോധിച്ചതോടെയാണ് ഒരു കാലത്ത് കുറഞ്ഞിരുന്ന ചുവരെഴുത്തുകൾ വീണ്ടും വ്യാപകമായത്. അനുവദനീയമായ മണ്ണിൽ അലിയുന്ന ഫ്ലക്സിന് സമാനമായ പോസ്റ്ററുകൾ ഉണ്ടെങ്കിലും ഇതിന് ഓരോന്നിനും കണക്ക് വേണം. ചുവരെഴുത്താകുമ്പോൾ എല്ലാമൊന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ണിലും കണക്കിലും പെടില്ല എന്നതാണ് മുന്നണികൾക്ക് ചുവരെഴുത്തുകളോടുള്ള പ്രിയമേറാൻ കാരണം.