കാക്കനാട്: അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾ കേരളത്തിൽ അടയ്ക്കേണ്ട റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വൻനിയമലംഘനങ്ങൾ കണ്ടെത്തി. അരക്കോടിയോളംരൂപ പിഴ വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ വെളുപ്പിന് 3മുതൽ പാലാരിവട്ടം- വൈറ്റില ബൈപ്പാസിലാണ് ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് ബിജു ഐസക്കിന്റെയും ആർ.ടി.ഒ കെ.ആർ.സുരേഷിന്റെയും നിർദ്ദേശാനുസരണം പരിശോധന നടത്തിയത്. ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടെങ്കിൽപ്പോലും സർവീസ് നടത്തുന്ന സംസ്ഥാനങ്ങളിൽ അതാത് റോഡ് നികുതി അടയ്ക്കണമെന്ന നിയമം പല വാഹനങ്ങളും ലംഘിച്ചതായി പരിശോധനയിൽ കണ്ടെത്തി. പിടിച്ചെടുത്ത ടൂറിസ്റ്റ് ബസുകൾ കളക്ടറേറ്റിലെ പരേഡ് ഗ്രൗണ്ടിലേക്ക് മാറ്റി.
നികുതി വെട്ടിപ്പിന് പുറമെ അമിതവേഗം, എയർഹോൺ ഉപയോഗം, നമ്പർ പ്ലേറ്റുകളിലെ ക്രമക്കേട്, വാഹനരേഖകളിലെ ക്രമക്കേട് തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തി.