
മട്ടാഞ്ചേരി: കൊച്ചി നഗരസഭയിലെ ആദ്യത്തെ ശീതീകരണ സംവിധാനത്തോടുകൂടിയ സ്മാർട്ട് അങ്കണവാടി നഗരസഭ 27 വെളി ഡിവിഷനിൽ പ്രവർത്തനം തുടങ്ങി. സ്മാർട്ട് ക്ലാസിന്റെ മാതൃകയിൽ ഒരുക്കിയ ഈ അങ്കണവാടിയിൽ ടെലിവിഷൻ സ്ക്രീൻ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കുട്ടികളെ പരിശീലിപ്പിക്കുക. കുട്ടികൾക്ക് നല്ല കിടക്കകളും കളിക്കാൻ റിമോട്ടിൽ പ്രവർത്തിക്കുന്ന വലിയ ഇലക്ട്രോണിക് കാറുമുണ്ട്. കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസിന്റെ നേതൃത്വത്തിലാണ് ആധുനികമായ രീതിയിൽ അങ്കണവാടി ഒരുക്കിയിട്ടുള്ളത്. ശീതീകരണ സംവിധാനവും ഇലക്ട്രോണിക് കാറുമൊക്കെ കൗൺസിലർ സ്വന്തം ചെലവിലാണ് സജ്ജീകരിച്ചത്. സ്മാർട്ട് അങ്കണവാടി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ് അദ്ധ്യക്ഷനായി.