കൊച്ചി: ഗോവൻ വിമോചനംപോലുള്ള ചരിത്രം സ്മരിക്കാനും സംവദിക്കാനും പുതിയ തലമുറ തയ്യാറാകണമെന്നും അതിനായി ഗഹനമായ വായനയിലേക്ക് തിരിയണമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ പറഞ്ഞു. സമരങ്ങൾക്ക് നേതൃത്വം നൽകിയ ദേശാഭിമാനികളിൽനിന്ന് ആവേശം ഉൾക്കൊള്ളണം. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പതിനെട്ട് ജൂൺ ഒരു ക്രാന്തിയാത്ര എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഐതിഹാസികമായ സമരമാണ് ഗോവയുടെ വിമോചനത്തിന് പോർച്ചുഗീസുകാർക്കെതിരെ റാം മനോഹർ ലോഹ്യയുടെയും ജഗന്നാഥറാവു ജോഷിയുടെയും നേതൃത്വത്തിൽ നടന്നത്. പോർച്ചുഗീസുകാർ ഗോവൻ ജനതയോട് കാട്ടിയ ക്രൂരതകൾ മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമര സേനാനി ലക്ഷ്മിദാസ് ബോർക്കർ എഴുതി ആർ. ഭാസ്‌കർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണ് 'പതിനെട്ട് ജൂൺ ഒരു ക്രാന്തി യാത്ര.' ഗോവയുടെ വിമോചനത്തിനായി 1960കളിൽ പോരാടിയ ലെഫ്റ്റനന്റ് കമാൻഡർ പി.കെ. നാരായണപിള്ളയെ പൊന്നാടഅണിയിച്ച് ആദരിച്ചു. നിതിൻ ബോർക്കർ അദ്ധ്യക്ഷനായി. ആർ.എസ്. ഭാസ്‌കർ, ഡോ. പി. പൂജ, എൻ.എസ്. സരിത എന്നിവർ സംസാരിച്ചു.