കൊച്ചി: മറ്റൊരാളിൽനിന്ന് വാങ്ങിയ വാഹനത്തിന്റെ രജിസ്ട്രേഷൻ നടപടി പൂർത്തിയായില്ലെന്ന പേരിൽ ഇൻഷ്വറൻസ് കമ്പനിക്ക് ക്ലെയിംതുക നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. പ്രീമിയം അടച്ചിട്ടുള്ളതിനാൽ വാഹനത്തിന്റെ ഉടമസ്ഥതമാറിയത് ഇൻഷ്വറൻസ് ബാദ്ധ്യതയെ ഒരുതരത്തിലും ബാധിക്കില്ല. കരാർലംഘനം ഉണ്ടെങ്കിൽ മാത്രമേ കമ്പനിക്ക് ഇൻഷ്വറൻസ് തുക നിഷേധിക്കാനാകൂ എന്നും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് വ്യക്തമാക്കി. അപകടംനടന്ന ദിവസത്തിനുമുമ്പ് വാഹനത്തിന്റെ ഉടമസ്ഥത (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) കൈമാറിയില്ലെന്ന പേരിൽ മരിച്ചയാളുടെ കുടുംബത്തിന് ക്ലെയിംനിഷേധിച്ചത് റദ്ദാക്കി ഇൻഷ്വറൻസ് തുക അനുവദിക്കാൻ നിർദ്ദേശിച്ച ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാട് സ്വദേശി എൻ.ജെ. ജോസഫിന്റെ ഹർജി അനുവദിച്ചാണ് ഉത്തരവ്.

ഹർജിക്കാരന്റെ മകൻ അനീഷ് 2023 സെപ്തംബർ 21 ന് മറ്റൊരു വ്യക്തിയിൽനിന്ന് ഇരുചക്രവാഹനം വാങ്ങി. ഉടമസ്ഥത മാറ്റാനുള്ള അപേക്ഷയും അന്നുതന്നെ നൽകി. സെപ്തംബർ 27 ന് ഉണ്ടായ അപകടത്തിൽ അനീഷ് മരിച്ചു. എന്നാൽ അപകടസമയത്ത് പോളിസി ആദ്യഉടമയുടെ പേരിലാണെന്ന് പറഞ്ഞ് നാഷണൽ ഇൻഷ്വറൻസ് കമ്പനി തുകനിഷേധിച്ചു. ഇത് ഇൻഷ്വറൻസ് ഓംബുഡ്സ്‌മാനും ശരിവച്ചു. ഇതിനെയാണ് ഹൈക്കോടതിയിൽ ചോദ്യംചെയ്തത്. അപകടം ഉണ്ടായി രണ്ടുദിവസം കഴിഞ്ഞശേഷം വാഹനത്തിന്റെ ഉടമസ്ഥത അനീഷിന്റെ പേരിലേയ്ക്ക് മാറ്റിയ സർട്ടിഫിക്കറ്റും ലഭിച്ചു. ഉടമസ്ഥത മാറ്റാനായി അപേക്ഷനൽകിയ ദിവസംമുതൽ ഉടമസ്ഥത മാറിയതായി കണക്കാക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. അപകട ഇൻഷ്വറൻസ് നിർബന്ധിതമാക്കിയത് സാമൂഹിക സുരക്ഷയും കൂടി കണക്കിലെടുത്താണ്. ഇത്തരത്തിലുള്ള അവകാശങ്ങൾ നടപടികളുടെ സാങ്കേതികത്വം പറഞ്ഞു നിഷേധിക്കാനാകില്ലെന്നും കോടതി പറഞ്ഞു.