theft
മണപ്പുറം പാലത്തിനടിയിൽ തങ്ങിയവരെ തുരുത്തിയ നാട്ടുകാർ

ആലുവ: റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് സ്ഥിതിചെയ്യുന്ന തോട്ടക്കാട്ടുകര മേഖലയിലെ തുടർച്ചയായ മോഷണം പൊലീസിന് നാണക്കേടായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ മാത്രം എട്ടിടത്താണ് കവർച്ചയും കവർച്ചാശ്രമവും നടന്നത്.

എസ്.പിയുടെ ക്യാമ്പ് ഓഫീസും പൊലീസ് ക്ളബുമെല്ലാം ഉള്ളതിനാൽ സാധാരണയിൽ കവിഞ്ഞ സുരക്ഷ പ്രതീക്ഷിക്കുന്ന നാട്ടുകാർ മോഷണം വർദ്ധിച്ചതോടെ ആശങ്കയിലാണ്. വ്യാഴാഴ്ച രാത്രി മാത്രം നാലിടത്താണ് മോഷണവും മോഷണശ്രമവും ഉണ്ടായത്. മോഷണശ്രമം തിരിച്ചറിഞ്ഞ വീട്ടുടമ ഉടൻ എസ്.പിയുടെ ക്യാമ്പ് ഓഫീലെത്തി പൊലീസിൽ അറിയിച്ചതിന് പിന്നാലെ സ്റ്റേഷനിൽനിന്ന് വൻ പൊലീസ് സംഘമെത്തി പരിശോധിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പൊലീസ് മടങ്ങിയതിന് പിന്നാലെ തൊട്ടടുത്ത വീട്ടിൽനിന്ന് ഏഴുപവൻ കവർന്നതാണ് കൂടുതൽ നാണക്കേടായത്.

പൊലീസിന് ഉറക്കമില്ലാത്ത രാത്രി

വ്യാഴാഴ്ച രാത്രി എസ്.പിയുടെ ക്യാമ്പ് ഓഫീസ് പരിസരത്തെ വീട്ടിൽനിന്ന് സ്വർണം നഷ്ടമായതോടെ ആലുവ പൊലീസിന് വെള്ളിയാഴ്ച രാത്രി ഉറക്കമില്ലായിരുന്നു. 24 മണിക്കൂറിനകം പ്രതിയെ പിടികൂടണമെന്ന എസ്.പിയുടെ നിർദ്ദേശത്തെ തുടർന്ന് പൊലീസ് വ്യാപക പരിശോധനകളാണ് നടത്തിയത്. അടുത്തിടെ ജയിൽ മോചിതനായ കോട്ടയം സ്വദേശിയെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഇയാളെ കഴിഞ്ഞദിവസങ്ങളിൽ മണപ്പുറത്ത് കണ്ടിരുന്നതായും വിവരമുണ്ട്.

മണപ്പുറം പാലവും കാടും മോഷ്ടാക്കളുടെ താവളം

മണപ്പുറത്തേക്കുള്ള നടപ്പാലത്തിന്റെ അടിഭാഗം, മണപ്പുറത്തെ കുട്ടിവനം, കുണ്ടാലക്കടവ് ഭാഗത്തെ കാടുമൂടികിടക്കുന്ന വീട് എന്നിവയാണ് മോഷ്ടാക്കളുടെ താവളം. മണപ്പുറത്ത് നേരത്തെയുണ്ടായിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് നിറുത്തലാക്കിയതോടെയാണ് മോഷ്ടാക്കൾ മണപ്പുറത്ത് തമ്പടിച്ചത്. നേരത്തെ ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച കുണ്ടാലക്കടവ് നഗരസഭ തിരിഞ്ഞ് നോക്കാതെ കാടുപിടിച്ച് കിടക്കുകയാണ്. ഇവിടെ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീടും മോഷ്ടാക്കളുടെ താവളമാണ്.

പാലത്തിനടിയിലുള്ളവരെ ഒഴിപ്പിച്ചു

തോട്ടക്കാട്ടുകരയിൽ മോഷണം വ്യാപകമായതോടെ പാലത്തിനടിയിൽ തങ്ങിയവരെ നാട്ടുകാർ കഴിഞ്ഞദിവസം രാത്രി ഓടിച്ചു. നഗരസഭ കൗൺസിലർ എൻ. ശ്രീകാന്ത്, മണപ്പുറം ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം.എൻ. നീലകണ്ഠൻ, റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ.പി. അരവിന്ദാക്ഷൻ, പൊതുപ്രവർത്തകൻ ഇല്ല്യാസ് അലി എന്നിവരുടെ നേതൃത്വത്തിലാണ് പാലത്തിനടിയിൽ തങ്ങിയവരെ തുരത്തിയത്.