election
കോതമംഗലത്ത് വിവിധ വാർഡുകളിലെ നിയുക്ത സ്ഥാനാർത്ഥികൾ പി.ജെ. ജോസഫ്, ടി. യു. കുരുവിള തുടങ്ങിയ നേതാക്കൾക്കൊപ്പം

കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിലും കുട്ടമ്പുഴ, കവളങ്ങാട് പഞ്ചായത്തുകളിലും യു.ഡി.എഫിന്റെ സീറ്റ് വിഭജനത്തിൽ കോൺഗ്രസും കേരളാ കോൺഗ്രസും തമ്മിൽ തർക്കം തുടരുന്നു. മറ്റിടങ്ങളിൽ സീറ്റ് ധാരണയായിട്ടുണ്ട്. കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെയും നിശ്ചയിച്ചു.

കോതമംഗലം മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞതവണ മത്സരിച്ച ഏഴുസീറ്റും വേണമെന്നാണ് കേരളാ കോൺഗ്രസിന്റെ ആവശ്യം. അഞ്ചുസീറ്റ് നൽകാമെന്നാണ് കോൺഗ്രസ് നിലപാട്. കവളങ്ങാട് മൂന്ന് സീറ്റും കുട്ടമ്പുഴയിൽ രണ്ട് സീറ്റും വേണമെന്ന് കേരള കോൺ​ഗ്രസ് ആവശ്യപ്പെടുന്നു. കഴിഞ്ഞതവണ കുട്ടമ്പുഴയിൽ കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിച്ചത്.

ഇതിനകം ധാരണയായ വാർഡുകളിൽ കേരള കോൺ​ഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനി​ച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റിയിലെ അഞ്ചാംവാർഡിൽ ലിസി പോളും എട്ടിൽ ആനി ജോയ്സും പതിനേഴിൽ ജോർജ് അമ്പാട്ടും 32ൽ സലിം ചെറിയാനുമാണ് സ്ഥാനാർത്ഥികൾ. കീരമ്പാറ ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡിൽ ശ്രീജ ബിജുവും എട്ടിൽ അനി ചെറിയാനും പതിനൊന്നിൽ ടെസി മോനച്ചനും മത്സരിക്കും.

വാരപ്പെട്ടി രണ്ടാംവാർഡിൽ മാത്യൂസ് ഔസേഫിനെയും മൂന്നിൽ പി.പി. കുട്ടനെയും മത്സരിപ്പിക്കും. നെല്ലിക്കുഴി 23-ാം വാർഡിൽ സി.കെ. സത്യനും കോട്ടപ്പടി രണ്ടാംവാർഡിൽ ഷിജി ചന്ദ്രനും സ്ഥാനാർത്ഥികളാകും. പിണ്ടിമനയിൽ രണ്ട് വാർഡുകളാണ് പാർട്ടിക്കുള്ളത്. സിറ്റിംഗ് വാർഡായ പതിനാലിൽ ഷൈനി ജിൻസും പന്ത്രണ്ടിൽ രവീന്ദ്രൻ ചെല്ലിശേരിയും മത്സരി​ക്കും.

ജില്ലാ പഞ്ചായത്ത് പോത്താനിക്കാട് ഡിവിഷനിൽ ജോമി തെക്കേക്കരയേയും കീരമ്പാറ ബ്ലോക്ക് ഡിവിഷനിൽ റാണിക്കുട്ടി ജോർജിനെയും മത്സരിപ്പിക്കും. യു.ഡി.എഫിലെ ചർച്ചകൾ പൂർത്തിയായശേഷമായിരിക്കും പ്രഖ്യാപനം.

പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് പങ്കെടുത്ത നിയോജകമണ്ഡലം നേതൃയോഗം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തി. യോഗത്തിൽ പ്രസിഡന്റ് എ.ടി. പൗലോസ് അദ്ധ്യക്ഷനായി. മുൻ മന്ത്രി​ ടി​.യു. കുരുവി​ള, ജി​ല്ലാ പ്രസി​ഡന്റ് ഷി​ബു തെക്കുംപുറം എന്നി​വർ പങ്കെടുത്തു.