അങ്കമാലി: അങ്കമാലി - കുണ്ടന്നൂർ ദേശീയപാതയുടെ നിർമ്മാണത്തിനായി 3എ നോട്ടിഫിക്കേഷൻ ഉടൻ പുറപ്പെടുവിക്കുമെന്ന് ബെന്നി ബഹനാൻ എം പി അറിയിച്ചു. 3ഡി നോട്ടിഫിക്കേഷൻ കാലപരിധിക്കകം പുറപ്പെടുവിക്കുന്നതിന് സാധിക്കാത്തതിനാൽ 2024ൽ പുറപ്പെടുവിച്ച 3 എ വിജ്ഞാപനം റദ്ദായിരിന്നു. തുടർന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രിക്കും ദേശീയപാത അതോറിട്ടിക്കും 3എ നോട്ടിഫിക്കേഷൻ പുന:പ്രസിദ്ധീക്കരിക്കണമെന്ന് എം.പി കത്ത് നൽകിയിരുന്നു. പുനർവിജ്ഞാപനത്തിനു മുന്നോടിയായി ട്രാഫിക് സർവേ അടിയന്തരമായി പൂർത്തീകരിക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം ദേശീയപാത അധികൃതർക്ക് നിർദേശം നൽകി. ട്രാഫിക് സർവേ നടപടികൾ പൂർത്തീകരിക്കുന്നതോടെ 3 എ നോട്ടിഫിക്കേഷൻ പുറപെടുവിക്കും.
അഞ്ചുവർഷംമുമ്പ് നടത്തിയ ട്രാഫിക് സർവേയുടെ അടിസ്ഥാനത്തിലാണ് ആറുവരിപ്പാത നിർമാണത്തിന് പ്രാഥമിക നടപടികൾ ആരംഭിച്ചത്. പുതിയ സർവേയുടെ അടിസ്ഥാനത്തിലായിരിക്കും ദേശീയപാതയുടെ ലൈനുകളുടെ എണ്ണം നിശ്ചയിക്കുക. സംസ്ഥാന സർക്കാർ നടത്തിയ മെല്ലെപ്പോക്ക് സമീപനമാണ് അങ്കമാലി - കുണ്ടന്നൂർ ബൈപ്പാസിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് തടസമായതെന്ന് എം.പി കുറ്റപ്പെടുത്തി.