നെടുമ്പാശേരി: ദേശീയപാതയിൽ ചെറിയ വാപ്പാലശേരിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് തമിഴ്നാട് സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. മധുര മേലൂർ മധുരാമലിംഗപട്ടി താണിയമംഗലത്ത് പാൽപാണ്ടിയുടെ മകൻ നാഗരാജൻ (43) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 7.15ഓടെയാണ് അപകടം. ഉടൻ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാങ്ക് ജപ്തി ചെയ്തശേഷം വിൽക്കാൻ ഇട്ടിരിക്കുന്ന കല്ലറക്കൽ വീടിന്റെ സെക്യൂരിറ്റി ജീവനക്കാരനാണ് നാഗരാജൻ. ഈ വീടിന് മുന്നിൽ നിൽക്കുമ്പോഴാണ് അപകടം. ബേക്കറി പലഹാരങ്ങളുമായി ആലുവ ഭാഗത്തേക്ക് പോയ കെ.എൽ 44 ജെ 3910 നമ്പർ വാനാണ് ഇടിച്ചത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് സൂചന. അങ്കമാലി ഗവ. ആശുപത്രിയിൽ ഇന്ന് പോസ്റ്റ്മാർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.