
ആലുവ: അമ്പാട്ടുകാവ് ക്ഷേത്രത്തിൽ ദർശനത്തിന് പോകുന്നതിനിടെ ദേശീയപാതയിൽ ബൈക്കിടിച്ച് നഴ്സ് മരിച്ചു. ചൂർണിക്കര ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ അമ്പാട്ടുകാവ് കുമ്പളാംപ്പറമ്പിൽ രാജേഷിന്റെ ഭാര്യ വിജിമോൾ (43) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 6.30ഓടെയാണ് അപകടം. അമ്പാട്ടുകാവിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. തലയടിച്ച് വീണതാണ് മരണകാരണം. ഉടൻ ആലുവ കാരോത്തുകുഴി ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി വിദഗ്ദ്ധ ചികിത്സക്കായി കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലുവ ലക്ഷ്മി ആശുപത്രിയിലെ നഴ്സാണ്. അപകടം വരുത്തിയ പാലക്കാട് രജിസ്ട്രേഷനിലുള്ള ബുള്ളറ്റ് ഓടിച്ചിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മക്കൾ: ആദിത്യൻ (പ്ളസ് ടു വിദ്യാർത്ഥി, ആലുവ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ), ആദിദേവ് (എട്ടാം ക്ളാസ് വിദ്യാർത്ഥി, ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ).