ann

കൊച്ചി: വധശ്രമക്കേസിൽ പ്രതിയായ കിഴക്കമ്പലം മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. അനിൽ കുമാറിനും കൂട്ടാളിക്കും ഒരു വർഷം വീതം തടവ് ശിക്ഷ. ട്വന്റി 20 പ്രവർത്തകൻ ജോയി ജോണിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് സി.പി.എം നേതാവായ അനിൽ കുമാറിനും കൂട്ടുപ്രതി സക്കീറിനും കാക്കനാട് ഫസ്​റ്റ്ക്ലാസ് മജിസട്രേ​റ്റ് കോടതി ശിക്ഷ വിധിച്ചത്.

തടിയിട്ടപറമ്പ് പൊലീസ് 2018 മാർച്ച് ഒമ്പതിന് രജിസ്​റ്റർ ചെയ്ത കേസിലാണ് നടപടി. ട്വന്റി 20 കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ പെരുമ്പാവൂർ - പുക്കാട്ടുപടി റോഡിന്റെ നവീകരണ പ്രവൃത്തികൾ തടയാൻ ശ്രമിച്ചത് ചോദ്യം ചെയ്ത ട്വന്റി 20 പ്രവർത്തകനെ മർദ്ദിച്ചതാണ് കേസിനാസ്പദമായ സംഭവം. പൊലീസിന്റെ അവസരോചിതമായ ഇടപെടലാണ് അത്യാഹിതം ഒഴിവായത്.

ട്വന്റി 20 പാർട്ടി മുന്നോട്ട് വയ്ക്കുന്ന അഴിമതിരഹിത സമഗ്ര വികസന മുന്നേ​റ്റത്തിൽ വിറളിപൂണ്ട സി.പി.എം ഗുണ്ടായിസത്തിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധിയെന്ന് ട്വന്റി20 പാർട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു.