കോലഞ്ചേരി: കെ.എസ്.ഇ.ബി 220 കെ.വി ലൈൻ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മഴുവന്നൂരിൽ പൊട്ടി വീണ് എൽ.ടി ലൈനിൽ തട്ടിയത് നിരവധി വീടുകളിലെ വൈദ്യുതോപകരണങ്ങളെ തകരാറിലാക്കി. 18-ാം വാർഡിൽ അക്വാഡക്റ്റിന് സമീപമാണ് സംഭവം. ലൈൻ പൊല്ലക്കാട്ടിൽ ബാബുവിന്റെ വീടിന് മുകളിലേക്കാണ് ലൈൻവീണത്. സംഭവസമയത്ത് ബാബുവിന്റെ മകളും രണ്ടരമാസം പ്രായമുള്ള കുഞ്ഞും വീട്ടിലുണ്ടായിരുന്നു. ലൈൻ പൊട്ടിയതോടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടെങ്കിലും താഴെക്കൂടിപ്പോകുന്ന ലോടെൻഷൻ ലൈനിൽ തട്ടിയതോടെയാണ് അപകടം. ഇരുപതോളം വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളും വയറിംഗും കത്തിനശിച്ചു.
പ്രദേശത്ത് വൈദ്യുതി വിതരണം താത്കാലികമായി നിറുത്തിവച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി.