
കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിന്റെ കന്നിയാത്രയിൽ വിദ്യാർത്ഥികൾ ആർ.എസ്.എസ് ഗണഗീതം ആലപിച്ചത് വിവാദമായി. ഉദ്ഘാടന യാത്രയിൽ സൗജന്യമായി പാസ് നൽകി പങ്കെടുപ്പിച്ച എളമക്കര സരസ്വതി വിദ്യാനികേതൻ സ്കൂളിലെ വിദ്യാർത്ഥികളാണ് തങ്ങൾക്ക് അനുവദിച്ച കമ്പാർട്ടുമെന്റിനുള്ളിൽ ഗണഗീതം ആലപിച്ചത്. ഇതിന്റെ വീഡിയോ സതേൺ റെയിൽവേ സമൂഹ്യമാദ്ധ്യമമായ എക്സിൽ പങ്കുവച്ചതോടെ വിവാദമായി. മുഖ്യമന്ത്രി പിണറായി വിജയൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രതിഷേധം ശക്തമായതോടെ എക്സിൽ നിന്ന് റെയിൽവേ വീഡിയോ പിൻവലിച്ചു.
സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയിൽവേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപരമത വിദ്വേഷവും വർഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർ.എസ്.എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർ.എസ്.എസ് ഗീതം പാടിച്ചത് പൊതുസംവിധാനത്തെ കാവിവത്കരിക്കുന്നതിന്റെ ഭാഗമാണെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു.