bpcl-tcc
ബി.പി.സി.എൽ കൊച്ചി റിഫൈനറി കളമശേരിയിൽ സ്ഥാപിക്കുന്ന സ്കിൽ ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിനായുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്നു. വ്യവസായ മന്ത്രി പി.രാജീവ് സമീപം

കളമശേരി: നൂറുകോടി രൂപ ചെലവിൽ ബി.പി.സി.എൽ കൊച്ചി റിഫൈനറി കളമശേരിയിൽ സ്ഥാപിക്കുന്ന സ്‌കിൽ ഡെവലപ്‌മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിനായുള്ള ധാരണാപത്രം ഒപ്പുവച്ചു. വ്യവസായ മന്ത്രി പി. രാജീവ് പദ്ധതി പ്രഖ്യാപനം നടത്തി. കണ്ടെയ്‌നർ റോഡിന് സമീപമുള്ള ടി.സി.സി.യുടെ ഭൂമിയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. വിദ്യാർത്ഥികളുടെ താമസം, ഭക്ഷണം, യൂണിഫോം എന്നീ ഇനങ്ങളിലായി 10 കോടി രൂപ വീതം പ്രതിവർഷം ആവർത്തനച്ചെലവും സ്ഥാപനത്തിനുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

നാല് ഏക്കർ ക്യാമ്പസിൽ 1,10,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഉയരുക. അഡ്വാൻസ്ഡ് വെൽഡിംഗ് വിത്ത് റോബോട്ടിക്‌സ്, പ്രിസിഷൻ മാനുഫാക്ചറിംഗ്, റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ, ഇലക്ട്രിക് ഹോം ഓട്ടോമേഷൻ, ഇൻഡസ്ട്രിയൽ ട്രാൻസ്‌പോർട്ടേഷൻ, വാട്ടർ മാനേജ്‌മെന്റ് ആൻഡ് മോഡേൺ പ്ലംബിംഗ്, അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, ക്ലൈമറ്റ് ആൻഡ് എൻവിയോൺമെന്റ് മാനേജ്‌മെന്റ്, മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ്, സ്മാർട്ട് മാനുഫാക്ചറിംഗ് തുടങ്ങിയ വിഷയങ്ങളിൽ ആയിരിക്കും കോഴ്‌സുകൾ നടത്തുക. 1600 വിദ്യാർത്ഥികളെ ഓരോ വർഷവും പ്രവേശിപ്പിക്കും. നൈപുണ്യ വികസന രംഗത്തുള്ള അസാപ്, എൻ.ടി.ടി.എഫ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ബി.പി.സി.എൽ ചെയർമാൻ സഞ്ജയ് ഖന്ന, ജില്ലാ കളക്ടർ പ്രിയങ്ക. ജി, ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ, ബി.പി.സി.എൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡി. പാർത്ഥസാരഥി, ടി.സി സി.എം.ഡി ആർ. രാജീവ് തുടങ്ങിയവർ സംസാരിച്ചു.