കൊച്ചി: തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ മാത്രമാണ് ഇനി കാത്തിരിപ്പ്. ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കവേ 4,800സെറ്റ് വോട്ടിംഗ് മെഷീനുകൾ ജനവിധിയെഴുതാൻ സജ്ജമായി. കാക്കനാട്ടെ സ്‌റ്റോർറൂമിലാണ് ഇത്രയേറെ മെഷീനുകൾ സൂക്ഷിച്ചിട്ടുള്ളത്. ഇതിന്റെയെല്ലാം ടെക്‌നിക്കൽ പരിശോധന ഉൾപ്പെടെ പൂർത്തിയായി കഴിഞ്ഞു. ഒരു സെറ്റ് വോട്ടിംഗ് മെഷീൻ യൂണിറ്റിൽ ഒരു കൺട്രോൾ യൂണിറ്റ് മൂന്ന് ബാലറ്റ് യൂണിറ്റ് എന്ന നിലയിലാണ് സജ്ജമാക്കിയിട്ടുള്ളത്.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആയതിനാലാണ് മൂന്ന് ബാലറ്റ് യൂണിറ്റുകൾ. പഞ്ചായത്തിനും ബ്ലോക്കിനും ജില്ലാ പഞ്ചായത്തിനും ഓരോ ബാലറ്റ് യൂണിറ്റ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനു ശേഷം അതാത് റിട്ടേണിംഗ് ഓഫീസർമാർക്ക് വോട്ടിംഗ് മെഷീനുകൾ കൈമാറും. ബ്ലോക്ക് റിട്ടേണിംഗ് ഓഫീസർമാർ(ആർ.ഒ) പഞ്ചായത്ത് ആർ.ഒമാർക്ക് കൈമാറും. പിന്നീട് പഞ്ചായത്ത് ആർ.ഒമാർ പോളിംഗ് ബൂത്തുകളിലെ ഉദ്യോഗസ്ഥർക്ക് കൈമാറും.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനുശേഷം പഞ്ചായത്ത്, കോർപ്പറേഷൻ റിട്ടേണിംഗ് ഓഫീസർമാരായിരിക്കും വോട്ടിംഗ് മെഷീനുകളിൽ സ്ഥാനാർത്ഥികളെയും ചിഹ്നവും സജ്ജമാക്കുക. അതാത് സ്ഥാനാർത്ഥികളുടെ ബൂത്ത് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിലായിരിക്കും ഇക്കാര്യം ചെയ്യുക. കാൻഡിഡേറ്റ് സെറ്റിംഗ് ഡേറ്റ് എന്ന് വേണമെന്നും തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിലുണ്ടാകും.

പൂർണ നിയന്ത്രണം 360 ഓഫീസർമാർക്ക്

ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് കളക്ടറും ഡെപ്യൂട്ടി കളക്ടർമാരും സബ്കളക്ടർമാരും ഉൾപ്പെടുന്ന 360 പേരുടെ സംഘമാകും. ജില്ലാ തലത്തിൽ പഞ്ചായത്തിലേക്ക് 82ഉം ബ്ലോക്കിലേക്ക് 14ഉം നഗരസഭകളിലേക്ക് 19 റിട്ടേണിംഗ് ഓഫീസർമാർ (ആർ.ഒ). പഞ്ചായത്തിലേക്ക് 82ഉം ബ്ലോക്കിലേക്ക് 14ഉം നഗരസഭകളിലേക്ക് 32 ഉം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ (എ.ആർ.ഒ). പഞ്ചായത്തിലേക്ക് 82ഉം ബ്ലോക്കിലേക്ക് 14ഉം നഗരസഭയിലേക്ക് 14ഉം ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ഇ.ആർ.ഒ). ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളുടെ നിയന്ത്രണം ഡെപ്യൂട്ടി കളക്ടർമാർക്കാകും.


ജില്ലയിലെ തദ്ദേശ സ്ഥാപനം, എണ്ണം, പ്രതിനിധികൾ

ജില്ലാ പഞ്ചായത്ത് -----01-----27
ബ്ലോക്ക് പഞ്ചായത്തുകൾ-------14-----185
നഗരസഭ------13------421
കോർപ്പറേഷൻ-------01-------74
പഞ്ചായത്ത്-----82-----1338
ആകെ------111------2,045