
കൊച്ചി: അമിത മദ്യപാനവും പുകവലിയും ചോദ്യംചെയ്തതിന് മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിൽ അതിക്രൂരമായി മർദ്ദിച്ചെന്ന വെളിപ്പെടുത്തലുമായി നടിയും മോഡലുമായ ജസീല പർവീൺ. സാമൂഹ്യമാദ്ധ്യമ അക്കൗണ്ടിലൂടെ ചിത്രങ്ങൾ സഹിതമായിരുന്നു നീറുന്ന അനുഭവങ്ങൾ നടി പങ്കുവച്ചത്. പരിക്കേറ്റതിനു പിന്നാലെ പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഉടൻ നടപടിയൊന്നുമുണ്ടായില്ല. ഡോൺ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതിനു ശേഷമാണ് കേസെടുത്തതെന്നും കുറിപ്പിൽ ആരോപിക്കുന്നു.
സഹതാപത്തിന് വേണ്ടിയല്ല കുറിപ്പ്, പിന്തുണയും മാർഗനിർദ്ദേശവും ആവശ്യമായതുകൊണ്ടാണ്. കഴിഞ്ഞ പുതുവത്സരത്തലേന്ന് അക്രമാസക്തനായ ഡോൺ വയറ്റിൽ ചവിട്ടി, മുഖത്തിടിച്ചു. തല തറയിൽ ഇടിപ്പിച്ച് വലിച്ചിഴച്ചു. കക്ഷത്തിലും തുടകളിലും കടിച്ചു. വള ഉപയോഗിച്ചുള്ള ഇടിയേറ്റ് മേൽച്ചുണ്ട് കീറി രക്തം വാർന്നുപോയി.
ആശുപത്രിയിലെത്തിക്കാൻ യാചിച്ചെങ്കിലും സഹായിച്ചില്ല. പൊലീസിനെ വിളിക്കാൻ ശ്രമിച്ചതോടെ ഫോൺ തട്ടിപ്പറിച്ചു. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും കോണിപ്പടിയിൽ നിന്ന് വീണതാണെന്ന് കള്ളം പറഞ്ഞു. പ്ലാസ്റ്റിക് സർജറി വേണ്ടിവന്നു. ഉപദ്രവം തുടർന്നതോടെ മാനസികമായും ശാരീരികമായും തകർന്നു. ഒരിക്കലും സമ്മതിച്ചിട്ടില്ലാത്ത ഒരു ഒത്തുതീർപ്പിന്റെ പേരിൽ കേസ് റദ്ദാക്കണമെന്ന് വാദിച്ച് ഡോൺ ഹൈക്കോടതിയിൽ തടസഹർജി നൽകിയിരിക്കുകയാണ്.
വക്കീലിനെ വയ്‌ക്കാൻ സാമ്പത്തികശേഷിയില്ല. തനിച്ചാണ് കോടതിയിൽ ഹാജരാകുന്നത്. കഴിഞ്ഞദിവസം നടന്ന വാദത്തിനിടയിൽ സംസാരിക്കാൻ ഒരവസരംപോലും കിട്ടിയില്ല. കോടതിമുറിക്കുള്ളിൽ അദൃശ്യയാണെന്ന് തോന്നി. തനിക്ക് നീതി വേണമെന്നും സഹായംവേണമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.