കൊച്ചി: വന്ദേഭാരത് ട്രെയിനിൽ വിദ്യാർത്ഥികൾ ദേശഭക്തിഗാനം പാടിയതിനെ വിവാദമാക്കുന്നത് ദുരുദ്ദേശ്യത്തോടെയാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ യാതൊരു അന്തർധാരയും ധാരണയുമില്ല. കാെച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കേരളകൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് എം.എസ്. സജീവനുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസ് പ്രവർത്തകർ പാടുന്നതുകൊണ്ട് ദേശഭക്തിഗാനം പാടരുതെന്ന ചിലരുടെ നിലപാട് അംഗീകരിക്കാനാവില്ല. സർക്കാർ പരിപാടിയിൽ ദേശഭക്തിഗാനം പാടില്ലെന്ന മട്ടിലെ എതിർപ്പ് ഭൂഷണമല്ല.
കേരളത്തിൽ സി.പി.എമ്മുമായി ബി.ജെ.പിക്ക് ബാന്ധവുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സി.പി.എമ്മുമായി ബന്ധപ്പെട്ട കേസുകൾ നീളുന്നത് ധാരണയുടെ പേരിലെന്ന പ്രചാരണം ശരിയല്ല. കേസുകൾ അതിന്റെ മുറയ്ക്കുതന്നെ മുന്നോട്ടുപോകും.
തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറ്റം കൈവരിക്കും. കേന്ദ്ര സർക്കാർ പദ്ധതികളുൾപ്പെടെ ജനങ്ങളിലെത്തിക്കും. നിയമസഭാ തിരഞ്ഞടുപ്പിന് മുന്നോടിയായ തദ്ദേശ തിരഞ്ഞെടുപ്പിനെയും രാഷ്ട്രീയമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.