കൊച്ചി: പ്രധാനമന്ത്രി ഇന്നലെ ഫ്ലാഗ്ഓഫ് ചെയ്ത എറണാകുളം-ബംഗളുരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ പതിവ് സർവീസിന് റിസർവേഷൻ തുടങ്ങി ആദ്യ മണിക്കൂറുകളിൽ ടിക്കറ്റുകൾ വിറ്റ് പോയത് ചൂടപ്പം പോലെ. എറണാകുളത്ത് നിന്ന് ആദ്യ ആറ് ദിവസങ്ങളിൽ ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ്.

രാവിലെ ഉദ്ഘാടനം കഴിഞ്ഞാണ് നിരക്ക് പ്രഖ്യാപിച്ചതും റിസർവേഷൻ തുടങ്ങിയതും. പതിവ് സർവീസ് ആരംഭിക്കുന്ന 11ന് എറണാകുളം-ബംഗളുരു വന്ദേഭാരതിൽ ചെയർകാറിലെയും (സി.സി) എക്സിക്യൂട്ടീവ് ചെയർ കാറിലെയും (ഇ.സി) മുഴുവൻ സീറ്റുകളും ഹൗസ്‌ഫുള്ളാണ്. രാത്രി 10വരെയുള്ള കണക്കനുസരിച്ച് ചെയർകാറിൽ വെയിറ്റിംഗ് ലിസ്റ്റ് ഏഴിലെത്തി. നിരക്ക് കൂടിയ ഇ.സിയിൽ കാത്തിരിപ്പ് പട്ടിക മൂന്നുവരെയാണ്. അർദ്ധരാത്രിയോടെ ഇതുയരുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

ബുധനാഴ്ച വന്ദേഭാരത് സർവീസില്ല. തുടർന്നുള്ള ദിവസങ്ങളിൽ ഇന്നലെ രാത്രി വരെ 14, 15 തീയതികളിൽ ഏതാനും സി.സി സീറ്റുകൾ ലഭ്യമാണെങ്കിലും 16നും (ഞായർ), 17നും (തിങ്കൾ) ടിക്കറ്റുകൾ ഇല്ല. എക്സിക്യൂട്ടീവ് ചെയർകാറിൽ 11 മുതൽ 17വരെ തീയതികളിൽ ടിക്കറ്റ് കിട്ടാനില്ല. 16 ന് കാത്തിരിപ്പ് പട്ടിക 19വരെയെത്തി.

ബംഗളുരു-എറണാകുളം വന്ദേഭാരതിൽ സ്ഥിതി മെച്ചമാണ്. 11 മുതൽ 17വരെ തീയതികളിൽ ചെയർകാറിൽ ടിക്കറ്റ് കിട്ടാനുണ്ട്. എന്നാൽ 13 മുതൽ 16 വരെ തീയതികളിൽ എക്സിക്യൂട്ടീവ് ചെയർകാറിൽ യാത്രക്കാർ വെയിറ്റിംഗ് ലിസ്റ്റ് വരെയെത്തി.

എട്ട് റേക്കുകളുള്ള വന്ദേഭാരതിൽ ഇ.സി കോച്ചിൽ 52 സീറ്റുകളാണുള്ളത്. ശേഷിക്കുന്ന ഏഴ് റേക്കുകളിൽ അഞ്ച് കോച്ചുകളിൽ 78 സീറ്റുകൾ വീതവും ലോക്കോയോട് ചേർന്നുള്ള രണ്ട് കോച്ചുകളിൽ 44 സീറ്റുകൾ വീതവുമാണുള്ളത്.