ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ഒരു സർക്കാർ ഹൈസ്കൂളിൽ അദ്ധ്യാപകരുടെ 'ഈഗോ'യിൽ കുടുങ്ങിയത് സ്കൂളിലെ ഒരു ക്ളാസ് ലീഡറുടെ പിതാവ്. ഒരു അദ്ധ്യാപിക നൽകിയ പരാതിയിൽ ഇന്ന് ബിനാനിപുരം സ്റ്റേഷനിൽ ഹാജരാകാൻ പിതാവിനോട് പൊലീസ് ആവശ്യപ്പെട്ടു.
രണ്ടാഴ്ച്ച മുമ്പ് അദ്ധ്യാപികമാരുടെ 'ഈഗോ'ക്ക് ഇരയായ ഒരു പെൺകുട്ടിയുടെ മാതാവ് സ്കൂൾ മുറ്രത്ത് കുഴഞ്ഞുവീണിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന പിതാവ് സംഭവത്തിൽ ഉൾപ്പെട്ട അദ്ധ്യാപികയോട് കയർത്തു സംസാരിച്ചിരുന്നു. സഭ്യമല്ലാത്ത പദപ്രയോഗത്തിൽ സംസാരിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം അദ്ധ്യാപിക ബിനാനിപുരം പൊലീസിൽ പരാതി നൽകിയത്. സ്കൂളിലെ അദ്ധ്യാപികമാരുടെ 'ഈഗോ' സംബന്ധിച്ച് കുട്ടിയുടെ പിതാവ് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനെ മറികടക്കാനാണ് ഇപ്പോൾ പരാതി നൽകിയതെന്നാണ് പിതാവിന്റെ ആരോപണം.
സ്ഥലം എം.എൽ.എകൂടിയായ മന്ത്രി പി. രാജീവിന്റെ നിർദ്ദേശപ്രകാരം ഈഗോയിൽ കുടുങ്ങിയ കുട്ടി ക്ളാസിൽ പോകുന്നുണ്ട്. എന്നാൽ, അദ്ധ്യാപിക ക്ളാസെടുക്കാൻ വരുന്നില്ലെന്നും പിതാവ് പറയുന്നു. പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം പതിവായി വൈകിയെത്തുന്ന അദ്ധ്യാപികയുടെ വിവരങ്ങൾ ക്ളാസ് ലീഡറായ കുട്ടി കൈമാറിയതാണ് വിവാദത്തിന്റെ ഉറവിടം.