2.75 ലക്ഷം അക്കൗണ്ടുകൾ നിർജീവം
തൊടുപുഴ: ജില്ലയിലെ വിവിധ ബാങ്കുകളിൽ 2.75 ലക്ഷം അക്കൗണ്ടുകളിലായി അവകാശികളാരെന്ന് അറിയാതെ കിടക്കുന്നത് 51.37 കോടി രൂപയുടെ നിക്ഷേപം. ഇവരെ കണ്ടെത്താനുള്ള പ്രത്യേക ക്യാമ്പ് നാളെ ആരംഭിക്കും. നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമയ്‌ക്കോ അവകാശികൾക്കോ തിരിച്ചു നൽകും. ആദ്യ ഘട്ടത്തിൽ തൊടുപുഴ, ഇളംദേശം ബ്ലോക്കുകളുടെ പരിധിയിൽ വരുന്ന സഹകരണ ബാങ്കുകൾ ഒഴികെയുള്ള ബാങ്കുകളിലാണ് തുടക്കം. പിന്നീട് ഹൈറേഞ്ച് മേഖലകളിലും പദ്ധതി നടപ്പാക്കും. മൂന്നിന് രാവിലെ 10 മുതൽ തൊടുപുഴ പാപ്പൂട്ടി ഹാളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 10 വർഷത്തിലേറെയായി നിർജീവമായി കിടക്കുന്ന അക്കൗണ്ടുകൾ അവകാശികളെ കണ്ടെത്തി സജീവമാക്കുകയാണ് ലക്ഷ്യം. നിക്ഷേപകർ മരിച്ചുപോകുക, വിദേശത്ത് പോകുക തുടങ്ങിയ കാരണങ്ങളാൽ അക്കൗണ്ടുകളിൽ ഇടപാടുകൾ മുടങ്ങാറുണ്ട്. ചിലരുടെ അനന്തരാവകാശികൾക്കും അക്കൗണ്ടിനെക്കുറിച്ച് അറിവുണ്ടാകില്ല. പത്തു വർഷത്തിലേറെയായി ഒരു ഇടപാട് പോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക. വൻ തുക നിക്ഷേപമുള്ള അക്കൗണ്ട് ഉടമകളുടെ വീട്ടിൽ ബാങ്കുകൾ നേരിട്ടെത്തി രേഖകൾ പരിശോധിക്കും. ഡിസംബർ 31വരെയാണ് ക്യാമ്പ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഇത് തുടർച്ചയായ പ്രക്രിയയാണ്. ഓരോ ബാങ്ക് ബ്രാഞ്ചുകളിലും നേരിട്ടെത്തിയാൽ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലാഭരണകൂടം, ആർ.ബി.ഐ, എസ്.ബി.ഐ ലീഡ് ബാങ്ക്, സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി എന്നിവരാണ് ക്യാമ്പിന്റെ സംഘാടകർ. പതിനഞ്ചോളം ബാങ്കുകൾക്ക് പുറമേ ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് മേഖലകളും പ്രത്യേക ക്യാമ്പിന്റെ ഭാഗമാകും.
ക്യാമ്പിന്റെ ലക്ഷ്യം
അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് ബാങ്ക് രേഖകൾ പ്രകാരമുള്ള വിലാസത്തിൽ അന്വേഷണം നടത്തി പണം നൽകുന്നതിനായാണ് ക്യാമ്പ് നടത്തുന്നത്. നിക്ഷേപത്തിന്റെ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകൾ ഉണ്ടായിരിക്കണം. അവകാശികളാണെന്ന് ബോദ്ധ്യമായാൽ തുക തിരികെ ലഭിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ക്യാമ്പിൽ ലഭിക്കും. ക്യാമ്പിന് ശേഷമുള്ള തുടർ നടപടികൾക്കായി എല്ലാ ബാങ്കുകളിലും സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കും.
പദ്ധതിയുടെ തുടക്കം
ഒക്ടോബർ 4ന് ഗുജറാത്തിൽ കേന്ദ്രധനകാര്യമന്ത്രി നിർമ്മലാ സീതാരാമനാണ് ചരിത്രപരമായ പദ്ധതിക്ക് തുടക്കമിട്ടത്. രാജ്യത്താകമാനം 1.82 ലക്ഷം കോടി അക്കൗണ്ടുകൾ അവകാശികളില്ലാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. ഒന്നാം തീയതി മുതലാണ് പദ്ധതി കേരളത്തിൽ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയ 6 ജില്ലകളിൽ ഇടുക്കിയുണ്ട്. മലപ്പുറം, പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നിവയാണ് മറ്റ് ജില്ലകൾ.
ഓൺലൈൻ രജിസ്‌ട്രേഷനും
അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ചറിയാൻ ആർ.ബി.ഐയുടെ ഉദ്ഗം (UDGAM ) പോർട്ടൽ വഴിയും കഴിയും. പ്രവർത്തന രഹിതമായ അക്കൗണ്ടുകളിലെ നിക്ഷേപങ്ങൾ ഉടമസ്ഥർക്കോ അവകാശികൾക്കോ തിരിച്ചറിയാനും അവകാശപ്പെടാനുമുള്ള സൗകര്യം പോർട്ടലിലുണ്ട്. രജിസ്റ്റർ ചെയ്യാനും പരിശോധിക്കാനും ഇത് ഉപയോഗിക്കാം.
ലിങ്ക് : https://udgam.rbi.org.in
'അവകാശികളില്ലാത്ത നിക്ഷേപങ്ങൾ തിരിച്ചറിയാനുള്ള ഈ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തുക"
-വർഗീസ് എം മാത്യു (ജില്ലാ ലീഡ് ബാങ്ക് മാനേജർ)