jaihind
പ്രഥമ പി. പുരുഷോത്തമൻ സ്മാരക പുരസ്‌കാരം എച്ച്. സലാം എം.എൽ.എയിൽ നിന്ന് ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ ഏറ്റുവാങ്ങുന്നു

മുതലക്കോടം: മികച്ച ഗ്രന്ഥശാലയ്ക്കുള്ള പി. പുരുഷോത്തമൻ പുരസ്‌കാരം ജയ് ഹിന്ദ് ലൈബ്രറിക്ക് ലഭിച്ചു. ആലപ്പുഴ പറവൂർ പബ്ലിക് ലൈബ്രറി ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരമാണ് ജയ്‌ഹിന്ദിനെ തേടിയെത്തിയത്. പറവൂർ പബ്ലിക് ലൈബ്രറി ഹാളിൽ ചേർന്ന സമ്മേളനത്തിൽ എച്ച്. സലാം എം.എൽ.എയിൽ നിന്ന് ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ ഫലകവും പ്രശസ്തിപത്രവും അയ്യായിരം രൂപയുമടങ്ങുന്ന പുരസ്‌കാരം ഏറ്റുവാങ്ങി. 2024- 25 സാമ്പത്തിക വർഷത്തിൽ ലൈബ്രറി നടത്തിയ പ്രവർത്തനങ്ങളാണ് ജൂറി വിലയിരുത്തിയത്. കേരളത്തിലെ വിവിധ ലൈബ്രറികളുടെ പരിശോധനയിലൂടെയാണ് അഞ്ച് അംഗ ജൂറി, ജയ് ഹിന്ദിനെ കേരളത്തിലെ മികച്ച ഗ്രന്ഥശാലയായി തിരഞ്ഞെടുത്തത്. വീട്ടുമുറ്റ പുസ്തകചർച്ചകൾ, നിലപാട് തറ (സംവാദം), സെമിനാറുകൾ, ദിനാചരണങ്ങൾ, പ്രതിമാസ പാട്ടുപുര, സംസ്ഥാന നാടകോത്സവം, കൃഷി, ഉപസമിതികളായ ബാലവേദി, വനിത വേദി, യുവജനവേദി, സാംസ്‌കാരികവേദി, കായികവേദി എന്നിവയുടെ തനതായ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെട്ടു. സംസ്ഥാന അവാർഡുകൾക്കൊപ്പം ജില്ലാ- താലൂക്ക് തലത്തിൽ ഇതിനോടകം 18 അവാർഡുകൾ നേടിയ ജയ്‌ഹിന്ദ് ജില്ലയിലെ ഏക എ പ്ലസ് ലെെബ്രറിയാണ്.