തൊടുപുഴ: ലോറേഞ്ചിലെ വിനോദസഞ്ചാര മേഖലയിൽ വലിയ കുതിപ്പിന് കാരണമാകുമായിരുന്ന മലങ്കര ടൂറിസം ഹബ്ബ് വികസനത്തിനുള്ള നടപടികൾ ഇഴയുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം പടിവാതിൽക്കൽ എത്തിയിട്ടും എട്ട് കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി നൽകാൻ സ‌ർക്കാരിനായിട്ടില്ല. നടപടി വേഗത്തിലാക്കാൻ കഴിഞ്ഞമാസം പി.ജെ. ജോസഫ് എം.എൽ.എ ചെയർമാനായുള്ള ജനറൽ കൗൺസിൽ യോഗം ചേർന്നിരുന്നു. ജില്ലാ കളക്ടർ, ജലസേചന വകുപ്പ്, ഡി.ടി.പി.സി ഉദ്യോഗസ്ഥർ എന്നിവരടക്കം അന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി) അപേക്ഷ ക്ഷണിച്ചപ്പോൾ എട്ട് കോടി രൂപയുടെ വികസന പദ്ധതി പാർക്കിൽ നടപ്പിലാക്കാൻ പെരുമ്പാവൂർ ആസ്ഥാനമായ ഏജൻസി സന്നദ്ധമായിരുന്നു. ലഭിച്ച അഞ്ച് അപേക്ഷകളിൽ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. എന്നാൽ പദ്ധതിതുക വലുതായതിനാൽ സർക്കാർ അനുമതി വേണം. അനുകൂല തീരുമാനം ഉണ്ടായാൽ ബോട്ടിങ്, ലൈറ്റ് മ്യൂസിക് ഷോ, എൻട്രൻസ് പ്ലാസയുടെ നവീകരണം തുടങ്ങിയവ ഏജൻസി പണം മുടക്കി നടപ്പിലാക്കും. വരുമാനത്തിന്റെ നിശ്ചിത ശതമാനം ഡി.ടി.പി.സിയ്ക്കും എം.വി.ഐ.പിക്കും ലഭിക്കും. പാർക്കിന്റെ നവീകരണവും നടത്തിപ്പും ഏജൻസി ഏറ്റെടുക്കും. പദ്ധതി ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങൾക്കും ഗുണകരമാണ്. തുടർ നടപടികൾക്കായി ഫയൽ കേരള ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷന് അയച്ചിരിക്കുകയാണെന്നും പദ്ധതി നടത്തിപ്പിന്റെ രൂപരേഖ ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ് അധികതരുടെ വിശദീകരണം.

കുതിപ്പിനിടയിൽ

കിതപ്പ് മാത്രം

ടൂറിസം രംഗത്ത് കുതിപ്പ് നടത്താൻ ഓരോ ഘട്ടത്തിലും പുതിയ പദ്ധതികൾ കൊണ്ടുവരാറുണ്ടെങ്കിലും എല്ലാം പാതിവഴിയിൽ നിൽക്കുന്നതാണ് പ്രശ്നം. 2019ൽ 2.5 കോടി ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച എൻട്രൻസ് പ്ലാസ ചോർന്നൊലിക്കുകയായിരുന്നു. പിന്നീട് ഇത് രണ്ട് തവണ പൊളിച്ച് പണിയേണ്ടി വന്നു. ടൂറിസം ഇൻഫർമേഷൻ സെന്റർ, അക്വേറിയം, കഫറ്റേരിയ, ഓപ്പൺ തീയറ്റർ എന്നിവയാണ് ഇതിൽ ഉണ്ടായിരുന്നത്. 200 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ തീയേറ്ററിന്റെ നിർമ്മാണം മാത്രമാണ് പൂർത്തിയാക്കാനായത്. ഇത് വാടകയ്ക്ക് നൽകാൻ പോലുമായിട്ടില്ല. ഈ നിർമ്മാണത്തിൽ വൻ അഴിമതി ആരോപണം ഉയർന്നതോടെ വിജിലൻസ് അന്വേഷണവുമുണ്ട്.

=2013ൽ ടൂറിസം- ഇറിഗേഷൻ വകുപ്പുകൾ സംയുക്തമായി വിഭാവന ചെയ്തതാണ് മലങ്കര ടൂറിസം ഹബ്ബ്. ഇതിന്റെ ഭാഗമായാണ് എൻട്രൻസ് പ്ലാസ നിർമിച്ചത്. -