തൊടുപുഴ: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം പദ്ധതി പ്രകാരം ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച 1.40 കോടി വിനിയോഗിച്ച് വെള്ളിയാമറ്റം പഞ്ചായത്തിലെ കറുകപ്പള്ളിയിൽ നിർമ്മാണം പൂർത്തിയാക്കിയ സദ്ഭാവനാ മണ്ഡപം നാളെ നാടിന് സമർപ്പിക്കും. ഉച്ചയ്ക്ക് 12ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് അഡ്വ. ഡീൻ കുര്യാക്കേസ് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, ബ്ലോക്ക് അംഗം മാത്യു കെ. ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിക്കുള്ളിൽ വരുന്ന വെള്ളിയാമറ്റം, ആലക്കോട്, കുടയത്തൂർ എന്നീ പഞ്ചായത്തുകളിലെ യുവജനങ്ങൾക്കും വയോജനങ്ങൾക്കും ഉപകാരപ്രദമാകുന്നതിന് ലക്ഷ്യമിട്ടാണ് സദ്ഭാവനാ മണ്ഡപം പണി പൂർത്തീകരിച്ചിട്ടുള്ളത്. കലാ- കായിക- സാംസ്‌കാരിക ഉന്നമനവും വളർത്തുന്നതിനുള്ള കർമ്മ പദ്ധതികളും സദ്ഭാവനാ മണ്ഡപത്തിന്റെ പ്രവർത്തന പരിധിക്കുള്ളിൽ വരും. ഡീൻ കുര്യാക്കോസ് എം.പി അദ്ധ്യക്ഷത വഹിക്കും. പി.ജെ. ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണവും ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് റിപ്പോർട്ടും അവതരിപ്പിക്കും.