ഇടുക്കി: ജില്ലയിലെ ടൂറിസം സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മൂലമറ്റത്ത് നിന്ന് നാടുകാണി പവലിയൻ വരെയുള്ള കേബിൾ കാർ പദ്ധതിയുടെ സാദ്ധ്യതാപഠനത്തിന് ടൂറിസം വകുപ്പ് ഭരണാനുമതി നൽകി. 29. 5 ലക്ഷം രൂപയാണ് സാദ്ധ്യതാപഠനത്തിന് അനുവദിച്ചത്. ഇത്തവണത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതിയ്ക്ക് മൂന്നു കോടി രൂപയാണ് നീക്കി വച്ചിരുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ പ്രകൃതിരമണീയമായ കാഴ്ചകൾ നൽകുന്ന കേബിൾ കാർ പദ്ധതിയാണ് സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നാടുകാണി ചുരം, ഇലവീഴാപൂഞ്ചിറ, വാഗമൺ, എന്നീ മലനിരകൾക്കൊപ്പം അറബിക്കടൽ വരെ കാണാവുന്നത്ര സാദ്ധ്യതകളാണ് ഇതിലൂടെ ഉയർന്നു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഇന്ത്യൻ പോർട് റെയിൽ ആൻഡ് റോപ്പ് വേ കോർപറേഷൻ മുഖേനയാണ് പദ്ധതിയ്ക്കുള്ള സാദ്ധ്യത പഠന റിപ്പോർട്ട് തയ്യാറാക്കുന്നത്.