ചെറുതോണി: ഇടുക്കി വികസന പാക്കേജിൽ ഉൾപ്പെടുത്തി ചെറുതോണിയിൽ റോഡ് വീതികൂട്ടുന്ന പ്രവൃത്തികൾ നടപ്പിലാക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ടൗണിനോട് ചേർന്നുള്ള പാറ കീറി നീക്കി, ഈ കല്ല് ഉപയോഗിച്ച് മെഡിക്കൽ കോളേജിലേക്കുള്ള സംരക്ഷണ ഭിത്തിയുടെ നിർമ്മാണം പൂർത്തിയാക്കുന്നതുമാണ് പ്രവൃത്തിയിൽ ഉൾപ്പെടുന്നത്. ഇടുക്കി ഡാമിനോട് ചേർന്ന ഭാഗമായതിനാൽ പാറ കീറി നീക്കം ചെയ്യുന്നതിനാണ് അനുമതി നൽകിയിട്ടുള്ളത്. ആദ്യഘട്ടമായി അഞ്ച് കോടി രൂപയുടെ ജോലികൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. പണി പൂർത്തിയാകുന്നതോടെ ചെറുതോണി ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനും ഓട്ടോ സ്റ്റാൻഡ്, പാർക്കിംഗ് ഏരിയ തുടങ്ങിയവ ക്രമീകരിക്കുന്നതിനും കഴിയും. ഇടുക്കി ജില്ലയുടെ അടിയന്തര വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളതാണ് ഇടുക്കി പാക്കേജ്. സംസ്ഥാന പ്ലാനിങ് ബോർഡിന്റെ അംഗീകാരത്തോടെ ജില്ലാ കളക്ടറാണ് ജനപ്രതിനിധികളുടെ നിർദേശം പരിഗണിച്ച് പ്രവർത്തിക്ക് അനുമതി നൽകിയിട്ടുള്ളത്. ചെറുതോണിയിൽ നിർമ്മാണം പൂർത്തിയായി വരുന്ന ചെറുതോണി പുതിയ ബസ് സ്റ്റാൻഡ്, ചെറുതോണി ജംഗ്ഷൻ എന്നീ ഭാഗങ്ങളിലേക്ക് ഉണ്ടാകുന്ന തിരക്ക് ക്രമീകരിക്കാൻ ഈ പ്രവൃത്തി പൂർത്തിയാകുന്നതോടെ കഴിയും. പുതിയ ബസ് സ്റ്റാൻഡിന് സമീപം ടി.ബി സെന്റർ, എസ്.പി ഓഫീസ് എന്നിവയുടെ നിർമ്മാണത്തിനുള്ള നടപടികൾ പൂർത്തിയായി കഴിഞ്ഞു. ചെറുതോണി ജംഗ്ഷനിൽ ഭാവിയിൽ ഉണ്ടാകുന്ന തിരക്കുകൾ കൂടി പരിഗണിച്ചാണ് കൂടുതൽ വീതിയിൽ റോഡ് നിർമ്മിക്കുന്നതെന്നും മന്ത്രി പറഞ്ഞു.