കട്ടപ്പന: ഹൈറേഞ്ചിന്റെ വാണിജ്യ തലസ്ഥാനമെന്ന് അറിയപ്പെടുന്ന കട്ടപ്പന നഗരത്തിൽ അനുദിനം ഗതാഗത കുരുക്ക് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സ്‌കൂൾ, ഓഫീസ് സമയങ്ങളായ രാവിലെ എട്ട് മുതൽ 10 വരെയും വൈകിട്ട് നാല് മുതൽ ആറ് വരെയുമുള്ള സമയങ്ങളിലാണ് നഗരത്തിനുള്ളിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നത്. സെൻട്രൽ ജംക്ഷൻ മുതൽ ഇടുക്കിക്കവല വരെയുള്ള ഭാഗത്താണ് കുരുക്ക് ഏറെ കൂടുതൽ. സ്‌കൂൾ കവല മുതൽ സി.എസ്.ഐ പള്ളിവരെയുള്ള ഭാഗങ്ങളിലും ഗതാഗത തിരക്ക് അനുഭവപ്പെടാറുണ്ട്. അശാസ്ത്രീയമായ പരിഷ്‌കാരങ്ങളടക്കം ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. നഗരത്തിൽ ഇടുക്കികവല, സെൻട്രൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ മാസങ്ങളോളം സീബ്രാ ലൈനുകൾ മാഞ്ഞ നിലയിലായിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ റോഡ് മുറിച്ചു കടക്കാൻ ബുദ്ധിമുട്ടിലായതോടെ കേരള കൗമുദിയടക്കമുള്ള മാദ്ധ്യമങ്ങളിൽ വാർത്ത വന്നു. എന്നാൽ ദേശീയപാതാ അതോറിട്ടിയ്ക്ക് അനക്കമൊന്നുമുണ്ടായില്ല. പിന്നീട് പ്രതിഷേധം രൂക്ഷമാകുകയും വാർത്തകൾ വീണ്ടും വരികയും ചെയ്തതോടെ വഴിപാട് പോലെ സെൻട്രൽ ജംഗ്ഷനിൽ സീബ്രാ ലൈനുകൾ പുനഃസ്ഥാപിച്ചു. എന്നാൽ ഇടശേരി ജംഗ്ഷൻ, ഇടുക്കിക്കവല എന്നിവിടങ്ങളിൽ ഇനിയും സീബ്രാ ലൈനുകൾ വരയ്ക്കാനുണ്ട്.
പാർക്കിംഗ് നടപ്പാതയിൽ
നഗരത്തിൽ വിവിധയിടങ്ങളിൽ നടപ്പാത കൈയേറി പാർക്കിംഗ് പതിവാണ്. പൊലീസ് സ്റ്റേഷന് സമീപം പോലും നടപ്പാത പൂർണമായും കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. ഇതോടെ കാൽനട യാത്രികരും വിദ്യാർത്ഥികളും റോഡിലേക്ക് ഇറങ്ങി നടക്കേണ്ടി വരുന്നു. ഇത് ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്.
വൺവേ പാലിക്കാറില്ല
വൺവേ തെറ്റിച്ച് വാഹനങ്ങൾ ഓടുന്നതും നഗരത്തിൽ പതിവാണ്. ഇടശേരി ജംക്ഷനിൽ നിന്ന് വൺവേ തെറ്റിച്ച് വാഹനങ്ങൾ സെൻട്രൽ ജംഗ്ഷനിലേക്ക് എത്താറുണ്ട്. പകൽ സമയത്ത് ബസ് സ്റ്റാൻഡ് റോഡിൽ നിന്ന് കുന്തളംപാററോഡിലേക്ക് വൺവേ തെറ്റിച്ച് എത്തുന്ന വാഹനങ്ങൾ പലപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാക്കും. വൺവേ തെറ്റിച്ച് വാഹനങ്ങൾ എത്തുന്നതിനാൽ പഴയ ബസ് സ്റ്റാന്റിൽ നിന്നും ഇറങ്ങി വരുന്ന ബസുകൾക്ക് പുതിയ ബസ് സ്റ്റാന്റ് റോഡുകളിലേക്ക് കടക്കാൻ ബുദ്ധിമുട്ടുണ്ടാകും.