നെടുങ്കണ്ടം: ലേല കേന്ദ്രങ്ങളിൽ ഏലയ്ക്ക പതിയ്ക്കുന്ന കർഷകർക്ക് 12 ദിവസങ്ങൾക്കകം പണം നൽകിയില്ലെങ്കിൽ സ്‌പൈസസ് ബോർഡ് അവരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ സംഗീതാ വിശ്വനാഥൻ പറഞ്ഞു. നെടുങ്കണ്ടം രാമപുരം റസിഡൻസിയിൽ നടന്ന കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ നെടുങ്കണ്ടം മേഖലായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സംഗീത. ഈ കാരണത്താൽ രണ്ട് ലേല ഏജൻസികളുടെ ലൈസൻസ് റദ്ദ് ചെയ്തതായും ചെയർപേഴ്സൺ പറഞ്ഞു. ഏലത്തിന്റെ മിനിമം ഇംപോർട്ട് പ്രൈസ് കാലോചിതമായി പരിഷ്‌കരിക്കാൻ ആവശ്യമായ നടപടികൾ എടുക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ഏലം മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണമെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് കർഷക സംഘടനകൾ നേതൃത്വം നൽകണമെന്നും അത്തരം സമരങ്ങൾക്ക് എം.എൽ.എ എന്ന നിലയിൽ താൻ മുൻപന്തിയിൽ തന്നെ ഉണ്ടാകുമെന്നും എം.എം. മണി എം.എൽ.എ പറഞ്ഞു. ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്നതിൽ ഇവിടത്തെ ചില പൊതുപ്രവർത്തകർ തന്നെ കാരണക്കാരാകുന്നുവെന്നത് ഖേദകരമാണെന്നും അവരെ നിലയ്ക്കു നിറുത്താൻ അവരുടെ പ്രസ്ഥാനങ്ങൾ തയ്യാറാകണമെന്നും സംസ്ഥാന കടാശ്വാസ കമ്മീഷൻ അംഗം ജോസ് പാലത്തിനാൽ പറഞ്ഞു. സുപ്രീംകോടതിയിൽ നടന്നു വരുന്ന സി.എച്ച്.ആർ കേസുമായി ബന്ധപ്പെട്ട് വലിയ ആശങ്കകളാണ് യോഗത്തിൽ ഉയർന്നു വന്നത്. യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ ഈ വിഷയത്തിൽ അടിയന്തര പ്രാധാന്യത്തോടെ കേന്ദ്ര- സംസ്ഥാന സർക്കാരുകളെ ഇടപെടുത്താമെന്ന് ഉറപ്പ് നൽകി. ഈ കേസ് നടത്തിപ്പിനാവശ്യമായ ചെലവുകൾ സ്‌പൈസസ് ബോർഡിൽ നിന്ന് ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്താമെന്ന് ചെയർപേഴ്സൺ യോഗത്തിൽ പറഞ്ഞു. ഫെഡറേഷൻ ചെയർമാൻ സ്റ്റെനി പോത്തൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പി.ആർ. സന്തോഷ് വിഷയാവതരണം നടത്തി. കോർ കമ്മിറ്റി അംഗങ്ങളായ ആർ. മണിക്കുട്ടൻ, വി.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു. നെടുങ്കണ്ടം മേഖലയിലുള്ള 250 ഏലം കർഷകർ യോഗത്തിൽ പങ്കെടുത്തു.