മൂന്നാർ: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയോരത്ത് ദേവികുളം സിഗ്നൽ പോയിന്റ് മുതൽ ബൊട്ടാണിക്കൽ ഗാർഡൻ വരെയുള്ള ഭാഗത്തെ വഴിയോരക്കടകൾ നീക്കി. മുപ്പത്തോളം കടകളാണ് ദേശിയപാതയോരത്ത് നിന്ന് നീക്കിയത്. ദേവികുളം സബ് കളക്ടറുടെ നിർദ്ദേശാനുസരണം സ്‌പെഷ്യൽ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്. അടിമാലിയിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ സാഹചര്യത്തിലാണ് അപകട മേഖലയിൽ സ്ഥാപിച്ചിരുന്ന വഴിയോര കടകൾ നീക്കാൻ നടപടി സ്വീകരിച്ചത്. കടകൾ നീക്കാനെത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ടതിനാൽ പ്രശ്നം രൂക്ഷമായില്ല. തുടർന്ന് സ്ഥലത്തെത്തിയ സബ് കളക്ടർ പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് എല്ലാവർക്കും ഒഴിഞ്ഞുപോകാൻ ഒരു ദിവസത്തെ സമയം നൽകി. ഇതുപ്രകാരം കടയുടമകൾ തന്നെ വഴിയോര വിൽപ്പനശാലകൾ നീക്കുകയായിരുന്നു. നാളുകൾക്ക് മുമ്പ് പള്ളിവാസൽ മുതൽ മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള വഴിയോരക്കടകൾ പൊളിച്ച് നീക്കിയിരുന്നു. വീണ്ടും വിവിധയിടങ്ങളിൽ വഴിയോര വിൽപ്പനശാലകൾ രൂപം കൊണ്ട് തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് സുരക്ഷാ ഭീഷണി കണക്കിലെടുത്ത് സിഗ്നൽ പോയിന്റ് മുതൽ ബൊട്ടാണിക്കൽ ഗാർഡൻ വരെയുള്ള ഭാഗത്തെ കടകൾക്ക് മേൽ നടപടി സ്വീകരിച്ചിട്ടുള്ളത്.