അടിമാലി: വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെങ്കുളത്ത് പണികഴിപ്പിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു. വെള്ളത്തൂവൽ പഞ്ചായത്ത് പരിധിയിൽ നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന ഇടങ്ങളിൽ ഒന്നാണ് ചെങ്കുളം ഹൈഡ്രൽ ടൂറിസം പ്രൊജക്ട് . ബോട്ടിംഗ് അടക്കം ഇവിടെ ഫലപ്രദമായി നടന്നു വരുന്നു. ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾക്ക് പ്രയോജനപ്രദമാകുംവിധമാണ് ഇതിനോട് ചേർന്ന് തന്നെ വഴിയോര വിശ്രമ കേന്ദ്രം നിർമ്മിച്ചിട്ടുള്ളത്.പഞ്ചായത്ത് പരിധിയിൽ വിനോദസഞ്ചാര മേഖലക്ക് കൈതാങ്ങാവുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയിട്ടുള്ളത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി ജോഷി വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 24 ലക്ഷത്തിലധികം രൂപ ചിലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.ബോട്ടിന്റെ മാതൃകയിലാണ് വിശ്രമ കേന്ദ്രം നിർമ്മിച്ചിട്ടുള്ളത്.പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആർ ജയൻ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു