ഇടുക്കി: ജില്ലയിൽ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സംശയദുരീകരണത്തിനും അഭിപ്രായശേഖരണത്തിനുമായി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല യോഗം നടന്നു. സംസ്ഥാനത്ത് 23 വർഷത്തിന് മുമ്പാണ് എസ്.ഐ.ആർ നടപ്പിലാക്കിയത്. ഇടയ്ക്കിടെയുള്ള സ്ഥലമാറ്റം, ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടർമാർ രജിസ്റ്റർ ചെയ്യുന്നത്, മരണപ്പെട്ട വോട്ടർമാരെ ഒഴിവാക്കൽ, വിദേശികളെ തെറ്റായി ഉൾപ്പെടുത്തിയത് തുടങ്ങിയവ കണ്ടെത്തലാണ് പ്രധാനലക്ഷ്യം. വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുക, മരണപ്പെട്ടവരെ ഒഴിവാക്കുന്നതിൽ കൃത്യത പാലിക്കുക, രാഷ്ട്രീയപരമായ സ്വാധീനം ഒഴിവാക്കുക തുടങ്ങിയ നിരവധി നിർദേശങ്ങൾ യോഗത്തിലുയർന്നു. എസ്.ഐ.ആറിന്റെ ലക്ഷ്യം, പ്രവർത്തനം, ഘടന, തുടങ്ങിയ വിവരങ്ങൾ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുജ വർഗീസ് വിശദീകരിച്ചു. ജില്ലയിലെ 1003 പോളിങ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ഇവർ അവരവരുടെ പോളിംഗ് സ്റ്റേഷനുകളിലെത്തി നിലവിലുള്ള ഓരോ വോട്ടർമാർക്കും എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്യും. 2002ൽ നടന്ന അവസാന എസ്.ഐ.ആറിലെ വോട്ടർമാരുടെയോ ബന്ധുക്കളുടെയോ പേര് ലിങ്ക് ചെയ്യും. ആ പട്ടികയിൽ ഇല്ലാത്തവരായുള്ള പുതിയ വോട്ടറെ ഉൾപ്പെടുത്തുന്നതിനായി ഫോം 6ഉം ഡിക്ലറേഷൻ ഫോമും ബി.എൽ.ഒ.മാർ ശേഖരിച്ചു മാച്ചിംഗ്/ ലിങ്കിംഗ് എന്നിവ ചെയ്യും. തുടർന്ന് ആ ഫോമുകൾ ഇ.ആർ.ഒ.യ്‌ക്കോ എ.ഇ.ആർ.ഒയ്‌ക്കോ നൽകും. ഓരോ വോട്ടറുടെയും വീട്ടിൽ മൂന്ന് തവണയെങ്കിലും ഇവരെത്തും. വോട്ടർമാർക്ക് എന്യൂമറേഷൻ ഫോം ഓൺലൈനായും പൂരിപ്പിക്കാൻ കഴിയും. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ വോട്ടർമാർ/ താത്കാലിക പ്രവാസികൾ എന്നിവർക്ക് ഓൺലൈൻ സൗകര്യം പ്രയോജനപ്പെടുത്താം.
ഫോമിനൊപ്പം നൽകേണ്ട രേഖകൾ
കേന്ദ്ര/ സംസ്ഥാന സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരന് നൽകുന്ന ഏതെങ്കിലും തിരിച്ചറിയൽ കാർഡും പെൻഷൻകാർക്ക് നൽകുന്ന പെൻഷൻ പേയ്‌മെന്റ് ഓർഡറും
1987 ജൂലായ് ഒന്നിന് മുമ്പ് സർക്കാർ/ തദ്ദേശ അധികാരികൾ/ ബാങ്കുകൾ/ പോസ്റ്റ് ഓഫീസ്/എൽ.ഐ.സി/ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ ഇന്ത്യയിൽ നൽകിയ ഏതെങ്കിലും തിരിച്ചറിയൽ കാർഡ്/ സർട്ടിഫിക്കറ്റ്/ രേഖ
അംഗീകൃത അതോറിട്ടി നൽകുന്ന ജനന സർട്ടിഫിക്കറ്റ്
പാസ്‌പോർട്ട്
അംഗീകൃത ബോർഡുകൾ, സർവകലാശാലകൾ നൽകുന്ന മെട്രിക്കുലേഷൻ/വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്
അംഗീകൃത സംസ്ഥാന അധികാരി നൽകുന്ന സ്ഥിര താമസ സർട്ടിഫിക്കറ്റ്
വനാവകാശ സർട്ടിഫിക്കറ്റ്
ഒ.ബി.സി/ എസ്.സി/എസ്.ടി അല്ലെങ്കിൽ യോഗ്യതയുള്ള അധികാരി നൽകുന്ന ഏതെങ്കിലും ജാതി സർട്ടിഫിക്കറ്റ്
ദേശീയ പൗരത്വ രജിസ്റ്റർ (നിലവിലുള്ള സ്ഥലത്തെല്ലാം)
സംസ്ഥാന/തദ്ദേശ അധികാരികൾ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ
സർക്കാർ നൽകുന്ന ഏതെങ്കിലും ഭൂമി/ വീട് അലോട്ട്‌മെന്റ് സർട്ടിഫിക്കറ്റ്
ആധാർ കാർഡ്
ഓർത്തിരിക്കാം ഈ തീയതികൾ
വീട് തോറുമുള്ള വിവരശേഖരണം നാല് മുതൽ ഡിസംബർ 4 വരെയാണ്. പ്രാഥമിക വോട്ടർ പട്ടിക ഡിസംബർ ഒമ്പതിന് പ്രസിദ്ധീകരിക്കും. ഡിസംബർ ഒമ്പത് മുതൽ 2026 ജനുവരി എട്ട് വരെ ആവശ്യങ്ങൾക്കും എതിർപ്പുകൾക്കും അപേക്ഷിക്കാനുള്ള കാലയളവായിരിക്കും. ഡിസംബർ ഒമ്പത് മുതൽ 2026 ജനുവരി 31 വരെ ഹിയറിംഗും പരിശോധനയും. അവസാന വോട്ടർ പട്ടിക 2026 ഫെബ്രുവരി 7 ന് പ്രസിദ്ധീകരിക്കും.