accused

പീരുമേട്: നക്ഷത്ര ആമയെ വിൽപ്പനയ്ക്കെത്തിച്ച ആറ് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മറയൂർ സ്വദേശികളായ സന്തോഷ്, പ്രകാശ്, സംരാജ്, അജികുമാർ, മുത്തുകുമാർ, ഏലപ്പാറ സ്വദേശി അലക്സാണ്ടർ എന്നിവരെയാണ് മുറിഞ്ഞപുഴ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇന്നലെ രാവിലെ എട്ടിന് വനംവകുപ്പ് ഇന്റലിജൻസിന് കിട്ടിയ രഹസ്യ സന്ദേശത്തെ തുടർന്ന് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പിന്തുടർന്ന് പള്ളിക്കുന്നിൽ നിന്ന് പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് ഒരു നക്ഷത്ര ആമയെയും കസ്റ്റഡിയിലെടുത്തു. മറയൂർ ചിന്നാർ ഭാഗത്ത് നിന്നാണ് ഷെഡ്യൂൾ ഒന്നിൽപെട്ട നക്ഷത്ര ആമയെ പ്രതികൾ പിടികൂടിയത്. ഗ്ലെൻ മേരി സ്വദേശിയായ അലക്സാണ്ടർ ഈ ആമയെ ഉയർന്ന വിലയ്ക്ക് വിറ്റ് നൽകാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സംഘം വാഹനത്തിൽ ഏലപ്പാറയിലെത്തുകയായിരുന്നു. ഏലപ്പാറയിലെ ലോഡ്ജിൽ സംഘം താമസിച്ച് വരുന്നതിനിടെയാണ് വനംവകുപ്പിന് രഹസ്യ വിവരം ലഭിക്കുന്നത്.

തുടർന്ന് മുറിഞ്ഞപുഴ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് പള്ളിക്കുന്നിൽ നിന്ന് ഇവരെ പിടികൂടിയത്. ഇതിൽ മറയൂർ സ്വദേശികളായവർ ഇതിന് മുമ്പും വിവിധ കേസുകളിൽ പ്രതികളായവരാണ്. എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഹരിലാൽ, മുറിഞ്ഞപുഴ ഫോറസ്റ്റർ രാജ ഗോപാലൻ, ഡി.എഫ്.ഒമാരായ അൻഫാസ്, തങ്കപ്പൻ, ജീവൻ ജോൺ, സജികുമാർ, എൻ.ആർ. രാജൻ, അതിരാ, ഗ്രീഷ്മ, ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ പി.ജെ. ബെൽസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.