വനിതകൾക്ക് വൻ ആനുകൂല്യങ്ങൾ
തൊടുപുഴ: സപ്ലൈകോയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി 50 ദിവസത്തേക്കുള്ള പ്രത്യേക ആനുകൂല്യങ്ങൾ ആരംഭിച്ചു. 1 മുതൽ ഡിസംബർ 20വരെയുള്ള അമ്പത് ദിവസക്കാലമാണിത്. ഇതിന്റെ ഭാഗമായി സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റ് 6വരെ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലുമെത്തും. ദേവികുളം, തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പൻചോല നിയോജക മണ്ഡലങ്ങളിൽ അഞ്ച് ദിവസങ്ങളായാണ് പര്യടനം. ഇനി മുതൽ എല്ലാ മാസവും പര്യടനമുണ്ടാകും. എന്നാൽ തീയതിയിൽ വ്യത്യാസമുണ്ടാകും. കേരളപ്പിറവിദിനത്തിൽ ദേവികുളത്ത് തുടങ്ങിയ പര്യടനം 6ന് പീരുമേട്ടിൽ അവസാനിക്കും. സപ്ലൈകോയിൽ ലഭിക്കുന്ന മുഴുവൻ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പർ മാർക്കറ്റിലും ലഭിക്കും. സൗകര്യങ്ങൾ കുറഞ്ഞ വിദൂര ഗ്രാമങ്ങളിലായിരിക്കും വാഹനം എത്തിച്ചേരുക. നേരിട്ടും യു.പി.ഐ വഴിയും പണം നൽകാൻ കഴിയും.
തീയതി, നിയോജക മണ്ഡലം, എത്തിച്ചേരുന്ന സ്ഥലം എന്ന ക്രമത്തിൽ
03.11.25 - തൊടുപുഴ - പട്ടയക്കുടി, വെന്മണി, മുണ്ടൻമുടി
04.11.25 - ഇടുക്കി - ഈട്ടിത്തോപ്പ്,ചിന്നാർ, ബെഥേൽ, കാമാക്ഷി
05.11.25 - ഉടുമ്പൻചോല - എഴുകുംവയൽ ,ചാരം മേട്, കോമ്പയാർ, കമ്പംമെട്ട്, ബാലൻപിള്ള സിറ്റി, പാറത്തോട്
06.11.25 പീരുമേട് - കണയങ്ക വയൽ, ചെറുവള്ളികുളം
വനിതകൾക്ക്
വമ്പൻ ഓഫർ
വാർഷികാഘോഷം പ്രമാണിച്ച് വനിതകൾക്കായി വമ്പൻ ഇളവുകളാണുള്ളത്. സബ് സിഡിയിതര ഉത്പന്നങ്ങൾക്ക് 10 ശതമാനംവരെ അധിക വിലക്കുറവ് ജില്ലയിൽ നടപ്പിലാക്കി തുടങ്ങി. ആയിരംരൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് 5 രൂപയ്ക്ക് ഒരുകിലോ പഞ്ചസാര നേടാം. 88 രൂപയുടെ ശബരി അപ്പംപൊടി,പുട്ടുപൊടി എന്നിവ പകുതി വിലയിൽ ലഭിക്കും. വൈകിട്ട് അഞ്ചിനകം വാങ്ങുന്ന തിരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് അഞ്ചുശതമാനം അധിക വിലക്കുറവുണ്ട്. 500 രൂപയ്ക്ക് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുമ്പോൾ 105രൂപ വിലയുള്ള 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില 61.50 രൂപയ്ക്ക് ലഭിക്കും. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളുടെ പേയ്‌മെന്റിന് യു.പി.ഐ ഉപയോഗിച്ചാൽ അഞ്ചുരൂപ ഇളവുണ്ട്.