kpcc
ഇടുക്കി ഡി.സി.സി ഓഫീസിലെത്തിയ കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എയെ നേതാക്കൾ സ്വീകരിക്കുന്നു

ചെറുതോണി: പതിനെണ്ണായിരം കോടിയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ച് ഒരു രൂപ പോലും ചെലവഴിക്കാതെ ജില്ലയെ വഞ്ചിച്ച പിണറായി സർക്കാരിനു ജനം വരുന്ന തിരഞ്ഞെടുപ്പുകളിൽ ചുട്ട മറുപടി നൽകുമെന്നു കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. ഇടുക്കി ജവഹർ ഭവനിൽ ചേർന്ന ഡി.സി.സി ജില്ലാതല കോർ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിദാരിദ്രരില്ലാത്ത കേരളമെന്ന സർക്കാർ പ്രഖ്യാപനം ശുദ്ധതട്ടിപ്പാണ്. വീടും ഭക്ഷണവും ഇല്ലാത്ത, ചികിത്സ ലഭിക്കാത്ത, ആയിരക്കണക്കിനു കുടുംബങ്ങൾ കഷ്ടപ്പെടുമ്പോൾ അതിദാരിദ്രമുക്തമെന്നു പ്രഖ്യാപിക്കാൻ പിണറായിയ്ക്കു മാത്രമേ സാധിക്കുകയുള്ളു. ക്രമവൽക്കരണത്തിന്റെ പേരിൽ പൊതുജനങ്ങളെ പിഴിയാൻ ശ്രമിച്ചാൽ കോൺഗ്രസും യു.ഡി.എഫും തടയും. പൊതുതിരഞ്ഞെടുപ്പിനു ശേഷം യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ സൗജന്യമായി ക്രമവൽക്കരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. എ.ഐ.സി.സി അംഗം ഇ. എം.ആഗസ്തി, കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ ജോസഫ് വാഴയ്ക്കൻ, ഡീൻ കുര്യാക്കോസ് എം. പി, എ.കെ. മണി, കെ.പി.സി.സി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ്, ജനറൽ സെക്രട്ടറിമാരായ അഡ്വ.എസ്.അശോകൻ, ഇബ്രാഹിംകുട്ടി കല്ലാർ, നിഷ സോമൻ, ഡി.സി.സി മുൻ പ്രസിഡന്റ് ജോയി തോമസ്,
യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി.അർജുനൻ എന്നിവർ പങ്കെടുത്തു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടക്കുന്ന തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ കോർ കമ്മിറ്റി വിലയിരുത്തി.