വണ്ണപ്പുറം: ഇന്നലെ നടന്ന വണ്ണപ്പുറം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുണ്ടായ സംഘർഷത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജുവിന് പരിക്കേറ്റു. പൊലീസ് നോക്കി നിൽക്കെയാണ് പ്രസിഡന്റിനെ എൽ.ഡി.എഫ് പ്രവർത്തകർ മർദിച്ചതെന്നാണ് യു.ഡി.എഫ് ആരോപണം. വോട്ടെടുപ്പ് അവസാനിക്കേണ്ടത് വൈകിട്ട് നാലിനായിരുന്നു. നാലിന് ശേഷം വോട്ട് ചെയ്യാനെത്തുന്നവരെ തിരഞ്ഞെടുപ്പു നടക്കുന്ന ഹിറാ പബ്ലിക് സ്‌കൂൾ വളപ്പിൽ കയറ്റാനാവില്ലെന്ന് പ്രസിഡന്റ് പൊലീസിനോട് ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് ഗേറ്റ് അടച്ചു. ഇതിൽ പ്രകോപിതരായ എൽ.ഡി.എഫ് പ്രവർത്തകർ പ്രസിഡന്റിനെ കൈയേറ്റം ചെയ്തതായാണ് ആരോപണം. പ്രസിഡന്റിന്റെ മുഖത്തിനും കാലിനും പരിക്കുണ്ട്. ബിജുവിനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ലാത്തി വീശിയതോടെയാണ് സംഘർഷ സ്ഥലത്ത് നിന്ന് ഇരുവിഭാഗം പ്രവർത്തകരും പിരിഞ്ഞത്.
ഭരണം നിലനിറുത്തി എൽ.ഡി.എഫ്
വണ്ണപ്പുറം സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെുപ്പിൽ എൽ.ഡി.എഫ് നേതൃത്വം നൽകിയ സഹകരണ സംരക്ഷണ മുന്നണിക്ക് വീണ്ടും ജയം. 1200ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചത്. പി.എസ്. അനിൽ, അയിസൺ ജോർജ്ജ്, ജോഷി തോമസ്, തമ്പി കുര്യാക്കോസ്, കെ.കെ. ബിനോയി, ഷിജോ സെബാസ്റ്റ്യൻ, സജി പൗലോസ്, അജിത ദിനേശൻ, ലത മുരളി, ബാബു ദാസ്, ജോസഫ് ജോൺ, ആഷിക് അലിയർ, അപർണ രാജൻ, അനൂപ് എന്നിവരാണ് വിജയിച്ചത്. എൽ.ഡി.എഫ് വണ്ണപ്പുറത്ത് ആഹ്ലാദ പ്രകടനം നടത്തി. സി.പി.എം കരിമണ്ണൂർ ഏരിയ സെക്രട്ടറി പി.പി. സുമേഷ് യോഗം ഉദ്ഘാടനം ചെയ്തു. രജനി സുരേഷ് അദ്ധ്യക്ഷയായി. കെ.ജി. വിനോദ്, ഷിജോ സെബാസ്റ്ര്യൻ, ജോഷി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.