കട്ടപ്പന: ധർമ്മബോധത്തിൽ ജീവിച്ച അനശ്വര വിപ്ലവകാരിയായ ഡോ: പൽപുവിന്റെ കർമ്മ കാണ്ഡം ജീവിത മാതൃകയായി പുതുതലമുറ സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു. മലനാട് യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടത്തിയ മഹാനായ ഡോ. പൽപുവിന്റെ ജന്മവാർഷികദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവങ്ങളുടെ പടത്തലവനായി നിന്നുകൊണ്ട് അദ്ദേഹം നയിച്ച ഉജ്ജ്വലമായ പോരാട്ടങ്ങൾ, മഹാവിപ്ലവങ്ങൾ നവയുഗ സൃഷ്ടിക്ക് കാരണമായി. മനുഷ്യ സ്‌നേഹത്തിൽ അടിയുറച്ചതും കാരുണ്യം നിറഞ്ഞതും ത്യാഗനിർഭരവുമായതാണ് അദ്ദേഹത്തിന്റെ ജീവിത മാതൃക. മൈസൂരിൽ ഡോക്ടർ എന്ന നിലയിൽ ആരോഗ്യമേഖലയിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ എക്കാലത്തേയ്ക്കുമുള്ള മാതൃകയാണ്. അവശവിഭാഗങ്ങളുടെ കഷ്ടതയിൽ നിന്നും അവരെ രക്ഷിക്കുന്നതിനും ജീവിതം ദുസഹമാക്കുന്ന ദുരവസ്ഥയിൽ നിന്നും അവരെ മോചിപ്പിക്കുന്നതിനും അദ്ദേഹം നിരന്തരം നടത്തിയ പോരാട്ടങ്ങൾ യുവതലമുറ മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. പൽപുവിന്റെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സുബിഷ് വിജയൻ അദ്ധ്യക്ഷനായിരുന്നു. തുടർന്ന് ഡോ: പൽപു അനുസ്മരണ പ്രഭാഷണങ്ങൾ, മലനാട് യൂണിയനിലെ വിവിധ ശാഖാ അംഗങ്ങളുടെ മക്കളായ 10 ഡോക്ടർമാരെ ചടങ്ങിൽ ആദരിച്ചു. യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി വിഷ്ണു കാവനാൽ സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. സുബിഷ് വിജയൻ (പ്രസിഡന്റ്), അരുൺകുമാർ കൊച്ചുതോവാള, സന്തു വാഴവര (വൈസ് പ്രസിഡന്റുമാർ), അരുൺ നെടുമ്പള്ളി (സെക്രട്ടറി), വിജീഷ് മാട്ടുതാവളം, സനീഷ് കട്ടപ്പന (ജോയിന്റ് സെക്രട്ടറിമാർ), വിഷ്ണു കാവനാൽ കോവിൽമല, അഭിനന്ദു അമരാവതി ( കേന്ദ്രസമിതി അംഗങ്ങൾ), അഖിൽ വെള്ളയാംകുടി, ലിജു ഉപ്പുതറ, സന്ദീപ് ആലടി (കൗസിൽ അംഗങ്ങൾ), ഷിജോ കമ്പെമെട്ട് (സൈബർസേന ചെയർമാൻ), അശ്വിൻ തൊപ്പിപ്പാള (കൺവീനർ), മഞ്ചു രാജേഷ് പോത്തിൻകണ്ടം (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.